തിരിച്ചു വിളിച്ച തടവുകാരെ മോചിപ്പിക്കാതെ ഇസ്രാഈലുമായി ഇനി ഒരു സംഭാഷണത്തിനില്ലെന്ന് പ്രഖ്യാപിച്ച് ഹമാസ്. ശനിയാഴ്ച മോചിപ്പിക്കാന്‍ സമ്മതിച്ച ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നതുവരെ മധ്യസ്ഥര്‍ വഴി ഒരു നടപടിയും സ്വീകരിക്കില്ലെന്ന് ഹമാസിന്റെ മുതിര്‍ന്ന നേതാവ് മഹ്മൂദ് മര്‍ദവി വ്യക്തമാക്കി.
ഇസ്രാഈലി തടവുകാരുടെയും മൃതദേഹങ്ങളുടെയും മോചനത്തിന് പകരമായി വിട്ടയക്കാമെന്ന് പറഞ്ഞ ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നതിന് മുമ്പുള്ള ഒരു നടപടിയെക്കുറിച്ചും ഞങ്ങള്‍ ചിന്തിക്കുന്നില്ല. മധ്യസ്ഥര്‍ ഇടപെട്ടാലും ശത്രുക്കളുമായി അത്തരമൊരു കൈകോര്‍ക്കലിന് ഞങ്ങള്‍ തയ്യാറല്ല ടെലഗ്രാമില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അദ്ദേഹം വ്യക്തമാക്കുന്നു. വാഗ്ദനം പാലിക്കാന്‍ മധ്യസ്ഥ രാജ്യങ്ങള്‍ ശത്രുക്കള്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തണം അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞദിവസം 3 തടവുകാരെ ഹമാസ് മോചിപ്പിച്ചിരുന്നു. പകരം ഇസ്രാഈല്‍ ജയിലില്‍നിന്ന് വിട്ടയച്ച 620 തടവുകാരെ തിരിച്ചുവിളിക്കുകയും മോചിപ്പിക്കുന്നത് നീട്ടിവച്ചതായി പ്രഖ്യാപിക്കുകയുമായിരുന്നു. തടവുകാരെ ഹമാസ് പൊതുപരിപാടി നടത്തി വിട്ടയക്കുന്നത് മനുഷ്യത്വത്തെ അവഹേളിക്കുന്നതാണെന്ന് ആരോപിച്ചാണ് മോചിപ്പിക്കുന്നത് നിര്‍ത്തിവച്ചത്. ഹമാസ് തടവുകാരെ മോചിപ്പിക്കുമ്പോള്‍ പൊതുവേദിയില്‍ അവരെ പ്രദര്‍ശിപ്പിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങള്‍ക്കെതിരായ രീതിയിലാണെന്നും നെതന്യാഹുവിന്റെ ഓഫിസ് ആരോപിച്ചു.
കഴിഞ്ഞ ദിവസം ഗസ്സയിലെ നുസൈറത്തില്‍ മൂന്ന് ഇസ്രാഈല്‍ തടവുകാരെ മോചിപ്പിക്കുന്ന ചടങ്ങില്‍ അതിലൊരാള്‍ ഹമാസ് സേനാംഗങ്ങള്‍ക്ക് ചുംബനം നല്‍കുന്നത് വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് ഇസ്രാഈലിന്റെ തീരുമാനം. ഇസ്രാഈലിലെ ജയിലില്‍ നിന്ന് 620 തടവുകാരെ മോചിപ്പിച്ച് ബസില്‍ കയറ്റി ഫലസ്തീനിലേക്ക് യാത്ര തുടങ്ങിയിരുന്നു. ഇതിനിടെയാണ് അവരെ തിരിച്ചുവിളിച്ചത്. എന്നാല്‍, ഇസ്രാഈല്‍ ആരോപണം തെറ്റാണെന്നും തടവുകാരെ വിട്ടയക്കുന്നതില്‍ ഒഴിഞ്ഞുമാറാനുള്ള നീക്കമാണെന്നും ഹമാസ് ആരോപിച്ചു.
അതിനിടെ, ഗസ്സയില്‍ ഏതുനിമിഷവും ആക്രമണം പുനരാരംഭിക്കുമെന്നും യുദ്ധത്തിലൂടെ ലക്ഷ്യങ്ങളെല്ലാം നേടുമെന്നും ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭീഷണി മുഴക്കിയിട്ടുണ്ട്. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി 620 ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നത് നിര്‍ത്തിവച്ച ശേഷം ഉന്നത സൈനിക ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയിലാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം. ഇതോടെ രണ്ടാംഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ച പ്രതിസന്ധിയിലായി. അതിനിടെ, വെസ്റ്റ് ബാങ്കില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട് ഇസ്‌റാഈല്‍.