ലോക്‌സഭയില്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച വനിതാ സംവരണ ബില്ലിനെതിരെ ഹൈദരാബാദ് എം.പിയും ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ പ്രസിഡന്റുമായ അസദുദ്ദീന്‍ ഉവൈസി. ബില്ലില്‍ ഒബിസി മുസ്‌ലിം സ്ത്രീകള്‍ക്ക് പ്രത്യേക ക്വാട്ടയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉവൈസി എതിര്‍ത്തത്.
‘നിങ്ങള്‍ ആര്‍ക്കാണ് സംവരണം നല്‍കുന്നത്?. പ്രാതിനിധ്യം തീരെ കുറഞ്ഞവര്‍ക്കാണ് സംവരണം നല്‍കേണ്ടത്. മുസ്‌ലിം, ഒബിസി സമുദായങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്ക് ക്വാട്ട ഇല്ല എന്നതാണ് ഈ ബില്ലിലെ പ്രധാന പ്രശ്‌നം. അതുകൊണ്ട് ഈ ബില്ലിനെ എതിര്‍ക്കുന്നു’ ഉവൈസി പറഞ്ഞു.
‘നിങ്ങള്‍ ഒരു നിയമം ഉണ്ടാക്കുകയാണ്. അതുവഴി ഇതുവരെ പ്രാതിനിധ്യം കുറവുള്ള ആളുകള്‍ക്ക് പ്രാതിനിധ്യം ലഭിക്കും. രാജ്യത്ത് ഇതുവരെ 17 ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ നടന്നിട്ടുണ്ട്. 8,990 എംപിമാര്‍ തെരഞ്ഞെടുക്കപ്പെട്ടു, അതില്‍ 520 എംപിമാര്‍ മാത്രമാണ് മുസ്‌ലിംകള്‍’.
‘ഇവരില്‍ വിരലിലെണ്ണാവുന്ന സ്ത്രീകളെ പോലും കണ്ടില്ല. അപ്പോള്‍ ശരിയായ പ്രാതിനിധ്യം എവിടെ?. മുസ്‌ലിം, ഒബിസി സ്ത്രീകള്‍ക്ക് ക്വാട്ട ഇല്ല എന്നതാണ് ബില്ലിന്റെ പ്രധാന പോരായ്മ’ ഉവൈസി പാര്‍ലമെന്റിന് പുറത്ത് മാധ്യമങ്ങളോടു പറഞ്ഞു.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യ സമ്മേളനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ വനിതാ സംവരണ ബില്‍ അവതരിപ്പിച്ചത്. കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ രാം മേഘ്വാളാണ് 128ാം ഭരണഘടനാ ഭേദഗതിയായി ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചത്. നാരി ശക്തി വന്ദന്‍ എന്ന പേരിലാണ് വനിതാ സംവരണ ബില്‍ അറിയപ്പെടുക.
പുതിയ വനിതാ സംവരണ ബില്‍ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നടപ്പാകില്ല. മണ്ഡല പുനര്‍നിര്‍ണയത്തിനു ശേഷമായിരിക്കും വനിതാ സംവരണം നടപ്പാക്കുകയെന്ന വ്യവസ്ഥ ബില്ലിലുണ്ട്. 33 ശതമാനം വനിതാ സംവരണം ഉറപ്പാക്കുന്നതാണ് പുതിയ ബില്‍.വനിതാ സംവരണം നടപ്പാകുന്നതോടെ ലോക്‌സഭയിലെയും നിയമസഭകളിലെയും വനിതകളുടെ എണ്ണം വര്‍ധിക്കും. കേരള നിയമസഭയില്‍ വനിതകളുടെ എണ്ണം 46 ആയി ഉയരും. ഇപ്പോള്‍ 11 വനിതാ അംഗങ്ങള്‍ മാത്രമാണ് നിയമസഭയില്‍ ഉള്ളത്.