X
    Categories: indiaNews

ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലും സീറ്റില്ല; നഖ്‌വിയുടെ മന്ത്രിസ്ഥാനം തെറിച്ചേക്കും

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാതിരുന്ന മോദി മന്ത്രിസഭയിലെ ഏക മുസ്‌ലിം അംഗമായ മുക്താര്‍ അബ്ബാസ് നഖ്‌വിയ്ക്ക് ലോക്‌സഭയിലേക്കും സീറ്റില്ല. രാജ്യസഭയിലേക്ക് സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഉത്തര്‍ പ്രദേശില്‍ നിന്നും ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ നഖ്‌വിയ്ക്ക് സീറ്റ് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ യു.പിയില്‍ നിന്നും ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിനുള്ള രണ്ട് സ്ഥാനാര്‍ത്ഥികളെയും ബി.ജെ.പി ഇന്നലെ പ്രഖ്യാപിച്ചതോടെ നഖ്‌വിയുടെ കേന്ദ്ര മന്ത്രിസ്ഥാനം തുലാസിലായി. അടുത്ത മാസം ഏഴിനാണ് നഖ്‌വിയുടെ രാജ്യസഭാ കാലാവധി അവസാനിക്കുന്നത്.

അഖിലേഷ് യാദവ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാജിവെച്ച അസംഗഡ് സീറ്റില്‍ ബോജ്പുരി നടനും ബ്രാഹ്മണ സമുദായാംഗവുമായ ദിനേഷ് ലാല്‍ യാദവിനെയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കിയത്. മോദി മന്ത്രിസഭയിലെ ഏക മുസ്‌ലിം അംഗമായ നഖ്‌വി പടിയിറങ്ങുന്നതോടെ രാജ്യസഭയിലും ലോക്‌സഭയിലും ബിജെപിക്ക് മുസ്‌ലീം എംപിമാര്‍ ആരുമുണ്ടാകില്ല.

പാര്‍ലമെന്റില്‍ പാര്‍ട്ടിക്ക് മുസ്്‌ലീം പ്രാതിനിധ്യം ഇല്ലാതാകുമെന്നതിനാല്‍ ലോക്‌സഭാ ഉപതിരഞ്ഞടുപ്പില്‍ റാംപുരില്‍ നിന്ന് നഖ്‌വിയെ മത്സരിപ്പിക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ രാംപൂരില്‍ പാര്‍ട്ടി നേതൃത്വം സ്ഥാനാര്‍ഥിയായി ഗന്‍ശ്യം ലോധിയെ പ്രഖ്യാപിച്ചതോടെ ആ വഴിയും അടഞ്ഞു. ഇതോടെ രാജ്യസഭാ കാലാവധി കഴിയുന്നതിന് മുമ്പ് നഖ്‌വിക്ക് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച് മന്ത്രിസ്ഥാനത്ത് തുടരാനുള്ള സാധ്യതയും ഇല്ലാതായി. അതേ സമയം ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മുക്താര്‍ അബ്ബാസ് നഖ്‌വിയെ പരിഗണിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Chandrika Web: