X

സാം പിത്രോഡയില്ല; കര്‍ണാടകയില്‍ കോണ്‍ഗ്രസിന് രാജ്യസഭാ സ്ഥാനാര്‍ത്ഥികളായി

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. എഐസിസി വക്താവ് നാസര്‍ ഹുസൈന്‍, ദളിത് കവി ഹനുമന്തയ്യ, വൊക്കലിംഗ സമുദായ നേതാവ് ജി.സി ചന്ദ്രശേഖര്‍ എന്നിവര്‍ മത്സരിക്കും.
ഈ മാസം 23നാണ് നാല് അംഗങ്ങളെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കുന്നത്.

കോണ്‍ഗ്രസിന് രണ്ട് എംപിമാരെയും ബിജെപിയ്ക്ക് ഒരാളെയും എതിരില്ലാതെ തെരഞ്ഞെടുക്കാനുള്ള അംഗസഖ്യ നിയമസഭയിലുണ്ട്. മൂന്നാം സീറ്റിനായി കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ മത്സരമുണ്ടാകും. ഏതാനും വോട്ടുകള്‍ കൂടി നേടിയാല്‍ മൂന്നാം സീറ്റിലും വിജയിക്കാനാകും. ഒരു സീറ്റില്‍ ബിജെപിക്ക് വിജയിക്കാം. എന്നാല്‍ ജെഡിഎസിന് കൂടുതല്‍ വോട്ടുകള്‍ നേടിയാലോ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനാവൂ. വ്യവസായ പ്രമുഖന്‍ ബി. എം ഫറൂഖ് ആണ് ജനതാദള്‍ സ്ഥാനാര്‍ത്ഥി. ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയവും പുരോഗമിക്കുകയാണ്. വ്യവസായിയും നിലവിലെ എംപിയുമായ രാജീവ് ചന്ദ്രശേഖറിനാണ് മുന്‍തൂക്കം. എന്നാല്‍, പ്രാദേശിക നേതാക്കള്‍ രാജീവിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്തിനു പുറത്തു നിന്നുള്ളയാളെ പരിഗണിക്കേണ്ടെന്നാണ് ഇവരുടെ വാദം. സോഷ്യല്‍ മീഡിയയില്‍ രാജീവിനെതിരെ നീക്കവും ആരംഭിച്ചിട്ടുണ്ട്.

ഗാന്ധി കുടുംബത്തോട് അടുത്ത സാം പിത്രോഡയെയും എഐസിസി ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദന്‍ ദ്വിവേദിയെയും സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു എഐസിസിയുടെ ആദ്യ തീരുമാനം. എന്നാല്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇതിനെ എതിര്‍ത്തു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാര്‍ത്ഥികള്‍ കര്‍ണാടകയില്‍ നിന്നുള്ളവര്‍ തന്നെയായിരിക്കണമെന്നായിരുന്നു സിദ്ധരാമയ്യയുടെ ആവശ്യം. ഈ നിര്‍ദേശം പിന്നീട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അംഗീകരിക്കുകയായിരുന്നു.

chandrika: