കെ.എസ്.ആര്‍.ടി.സിയില്‍ ജൂലൈ മാസത്തെ ശമ്പളം വിതരണം ചെയ്യാത്തതില്‍ വേറിട്ട പ്രതിഷേധവുമായി ജീവനക്കാര്‍. തിരുവനന്തപുരം കണിയാപുരം ഡിപ്പോയില്‍ ഇടത് ട്രേഡ് യൂണിയനായ എ.ഐ.ടി.യു.സിയുടെ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയനിലെ തൊഴിലാളികളാണ് ബസ് കഴുകി പ്രതിഷേധിച്ചത്.
ആഗസ്റ്റ് 12 ആയിട്ടും ശമ്പള വിതരണം നടത്താത്തതില്‍ പ്രതിഷേധിച്ചാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ വ്യത്യസ്തമായ സമര മാര്‍ഗത്തിലേക്ക് നീങ്ങിയത്. മുഖ്യമന്ത്രിയും സര്‍ക്കാരും ഇടപെട്ട് ഓണത്തിന് മുന്‍പ് പ്രശ്‌നം പരിഹരിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
അഞ്ചാം തിയ്യതി ശമ്പള വിതരണം നടത്തുമെന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തീരുമാനമുണ്ടായിട്ടും ജൂലൈയിലെ ശമ്പളം ഇനിയും നല്‍കിയിട്ടില്ല. കഴിഞ്ഞ വര്‍ഷം ഓണം അലവന്‍സുകളോ ബോണസോ തൊഴിലാളികള്‍ക്ക് നല്‍കിയിട്ടില്ല. പ്രതിമാസം 240 കോടി രൂപ വരെ വരുമാനമുണ്ടായിട്ടും 80 കോടി ശമ്പളം നല്‍കാന്‍ മാനേജമെന്റിന് കഴിയാത്ത അവസ്ഥ സമരക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. ശമ്പള പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് ആഗസ്ത് 26ന് സി.ഐ.ടി.യു അടക്കമുള്ള തൊഴിലാളി സംഘടനകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.