X

ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം തല്‍ക്കാലം പിടിക്കില്ല; തിരിച്ചടി ഭയന്ന് സര്‍ക്കാര്‍ പിന്‍മാറുന്നു

തിരുവനന്തപുരം: ശക്തമായ പ്രതിഷേധം കണക്കിലെടുത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം പിടിക്കാനുള്ള നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് സംബന്ധിച്ച ഓര്‍ജഡിനന്‍സ് നേരത്തെ ധനമന്ത്രാലയം പുതുക്കിയിറക്കിയിരുന്നു. എന്നാല്‍ ഭരണാനുകൂല സംഘടനകള്‍ അടക്കം എതിര്‍പ്പുമായി രംഗത്തെത്തിയതോടെയാണ് പിന്‍മാറ്റം. എന്നാല്‍ സാമ്പത്തികപ്രതിസന്ധി ഗുരുതരമായാല്‍ മാത്രം പുനഃരാലോചനയുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്.

സാലറി കട്ട് വഴി ഒരു മാസത്തെ ശമ്പളം 6 മാസം കൊണ്ട് മാറ്റിവയ്ക്കാനായിരുന്നു നേരത്തെ സര്‍ക്കാര്‍ തീരുമാനം. ഇതിനായി ശമ്പളം പിടിക്കാനുള്ള അധികാരം സര്‍ക്കാരിന് നല്‍കുന്ന ഓര്‍ഡിനന്‍സും പുതുക്കിയിറക്കിയിരുന്നു. എന്നാല്‍ ശമ്പളം പിടിക്കുന്നതിനെതിരെ തൊഴിലാളി സംഘടനകള്‍ രംഗത്തെത്തി. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ജീവനക്കാരെ പ്രകോപിപ്പിക്കേണ്ടെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റും വിലയിരുത്തിയത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സാലറി കട്ട് തുടരാനുള്ള നീക്കം തിരിച്ചടിയാവുമെന്നും പാര്‍ട്ടി മുന്നറിയിപ്പുനല്‍കിയെന്നും സൂചനയുണ്ട്.

അതേസമയം, സാലറി കട്ട് തുടര്‍ന്നാല്‍ പണിമുടക്ക് ആരംഭിക്കാന്‍ പ്രതിപക്ഷ സംഘടനകളുടെ നീക്കമുണ്ടായിരുന്നു. കോടതിയെയും സമീപിക്കാനും ആലോചയുണ്ടായിരുന്നു. രണ്ടും തിരിച്ചടിയായേക്കുമെന്ന വിലയിരുത്തല്‍ സര്‍ക്കാരിനുണ്ടായതോടെയാണ് ഈ മാസം ജീവനക്കാരുടെ ശമ്പളം പിടിക്കില്ലെന്ന് ധനവകുപ്പ് വ്യക്തമാക്കിയത്.

 

chandrika: