ക്ഷേത്രപരിസരത്ത് കാവിക്കൊടി സ്ഥാപിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ക്ഷേത്രങ്ങള്‍ ആത്മീയയുടെയും ശാന്തിയുടെയും വിളക്കുമാടങ്ങളാണ്. ഇവിടെ വിശുദ്ധിയും ബഹുമാനവും പരമപ്രധാനമാണ്. ഇത്തരം വിശുദ്ധി രാഷ്ട്രീയ ലക്ഷ്യങ്ങള്‍കൊണ്ട് തകര്‍ക്കാനാവില്ല.
ക്ഷേത്രാചാരങ്ങള്‍ നടത്താനുള്ള നിയമപരമായ അധികാരമല്ലാതെ പതാകകളോ കൊടി തോരണങ്ങളോ സ്ഥാപിക്കാന്‍ അനുവദിക്കാനാവില്ലന്നും ജസ്റ്റിസ് രാജ വിജയരാഘവന്‍ വ്യക്തമാക്കി.
കൊല്ലം മുതുപിലക്കാട് സ്വദേശികളായ ശ്രീനാഥ്, ഇന്ദ്രജിത്ത് എന്നിവരാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. മുതുപിലാക്കാട് ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ കാവിക്കൊടി സ്ഥാപിക്കുന്നതില്‍ പാര്‍ത്ഥസാരഥി ഭക്തജനസമിതി എന്ന സംഘടനയുടെ പ്രവര്‍ത്തകരെ ചിലര്‍ തടഞ്ഞെന്ന് ചൂണ്ടികാട്ടി നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്.
ഭക്തരുടെ ക്ഷേമത്തിനായി 2022 ല്‍ സ്ഥാപിച്ച സംഘടനയാണ് പാര്‍ത്ഥസാരഥി ഭക്തജനസമിതി. ക്ഷേത്രപരിസരത്ത് കാവിക്കൊടി സ്ഥാപിക്കാന്‍ ശ്രമിച്ചപ്പോള്‍ ചിലര്‍ തടഞ്ഞെന്നും ആരാധന തടസപെടുത്തിയെന്നും ഹര്‍ജിയില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ പോലീസ് സംരക്ഷണം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിരുന്നു.
എന്നാല്‍ ഹര്‍ജിക്കാരുടെ ആവശ്യം അംഗീകരിക്കരുതെന്നും പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ട പതാകയാണ് സ്ഥാപിക്കാന്‍ ശ്രമിച്ചതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇത് ക്ഷേത്രത്തില്‍ പ്രശ്‌നങ്ങളുണ്ടാകും. ഹര്‍ജിക്കാരിലൊരാള്‍ പല കേസുകളിലും പ്രതിയാണ്. കൂടാതെ ക്ഷേത്ര ഭരണസമിതി ബാനറും പതാകകളും കാണിക്ക വഞ്ചിക്ക് 100 മീറ്റര്‍ പരിസരത്ത് പാടില്ലെന്ന് നേരത്തെ ഉത്തരവിറക്കിയിരുന്നു.
ഇത്തരം പതാകകള്‍ നീക്കം ചെയ്യാന്‍ ഹൈക്കോടതി തന്നെ മുന്‍പ് നിര്‍ദേശം നല്‍കിയിരുന്നതാണെന്നും സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം അനുവദിക്കാനാവില്ലെന്നും നിയമപരമായ ആരാധന മാത്രമേ പാടുള്ളുവെന്നും കോടതി നിര്‍ദേശിച്ചത്.