ടി.പി. ചന്ദ്രശേഖരന്‍ കൊലപാതകക്കേസിലെ മുഖ്യ പ്രതി കൊടി സുനിക്ക് 30 ദിവസത്തെ പരോള്‍ അനുവദിച്ച സംസ്ഥാന സര്‍ക്കാര്‍ മലയാളിയുടെ മനോനിലയെയാണ് വെല്ലുവിളിച്ചിരിക്കുന്നത്. കൊടി സുനിയുടെ അമ്മയുടെ പേരില്‍ പരാതി തയാറാക്കി മനുഷ്യാവകാശ കമ്മീഷനു നല്‍കി, ഒരു ജുഡീഷ്യല്‍ കമ്മീഷനില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാന്‍ കഴിയാത്ത രൂപത്തിലുള്ള റിപ്പോര്‍ട്ട് നേടിയെടുത്ത് ജയില്‍വകുപ്പിന് മുന്നിലെത്തിച്ചാണ് പാര്‍ട്ടിയും സര്‍ക്കാറും ഈയൊരു ദുരന്തനാടകമൊരുക്കിയിരിക്കുന്നത്. ദുര്‍വിനിയോഗം ചെയ്യാന്‍ സൗകര്യമുള്ള റിപ്പോര്‍ട്ടില്‍ പ്രതിയുടെ മനുഷ്യാവകാശത്തെക്കുറിച്ചും സുരക്ഷി തത്വത്തെക്കുറിച്ചുമെല്ലാമാണ് ആശങ്കപ്പെടുന്നത്. 51 വെ ട്ടിനാല്‍ അരുംകൊലചെയ്യപ്പെട്ട ഇരയെക്കുറിച്ചോ അദ്ദേഹത്തിന്റെ കുടംബത്തിന്റെ വികാരങ്ങളെക്കുറിച്ചോ ഒരു ആശങ്കയുമില്ലാതെ ഈയൊരു ഉത്തരവ് പുറപ്പെടുവിച്ച കമ്മീഷന്‍ യഥാര്‍ത്ഥത്തില്‍ ഇരിക്കുന്ന പദവിയുടെ അന്ത സത്തയെയാണ് സംശയത്തിലാക്കിയിരിക്കുന്നത്. അധികാരത്തിന്റെ അഹന്തയാല്‍ ഭരണഘടനാ സ്ഥാപനങ്ങളെ സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി ബലികഴിക്കുന്ന സി.പി.എമ്മിന്റെറെ നെറികെട്ട സമീപനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കൊടി സുനിയുടെ പരോളിലൂടെ ഉണ്ടാ യിരിക്കുന്നത്. പാര്‍ട്ടി നേതാക്കളെയും അവരുടെ കുടുംബങ്ങളെയുമെല്ലാം കുറ്റവിമുക്തരാക്കുന്നതിനായി വനിതാ കമ്മീഷനെയും ബാലാവകാശ കമ്മിഷനെയുമെല്ലാം നഗ്‌നമായി ദുരുപയോഗം ചെയ്യുന്നത് പിണറായിസര്‍ക്കാര്‍ നിരവധി തവണ കാണിച്ചുതന്നതാണ്. ഇപ്പോഴിതാ ഒരു കൊടും ക്രമിനലിനെ പുറംലോകത്തെത്തിക്കുന്നതിന് മനുഷ്യാവകാശ കമ്മിഷനെയും അതി ദാരുണമാംവിധം ദു രുപയോഗം ചെയ്തിരിക്കുന്നു.
ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ഒരുപക്ഷേ ജയിലില്‍ കിടന്നതിനേക്കാളധികം പുറത്തായിരിക്കും കഴിഞ്ഞിട്ടുണ്ടാവുക. കിട്ടിയ അവസരങ്ങളിലെല്ലാം ഈ കൊടും ക്രിമിനലുകളെ പുറംലോകത്തെത്തിക്കാനും അവരെ സംരക്ഷിക്കാനുമുള്ള ശ്രമങ്ങള്‍ പിണറാ യി സര്‍ക്കാറിന്റെ കാലത്ത് നിരന്തരം നടന്നിട്ടുണ്ട്. മുമ്പ് പന്ത്രണ്ടോളം കേസുകളില്‍ പ്രതിയായിട്ടുള്ള കൊടി സുനിക്ക് 30 ദിവസത്തെ സാധാരണ പരോളാണ് നല്‍കി യിരിക്കുന്നത്. മകനെ കാണാനുള്ള അമ്മയുടെ ആഗ്രഹത്തിന്റെ പേരിലായിരുന്നു ഈ തുറന്നുവിടലെങ്കില്‍ ഏഴുദിവസത്തെ പ്രത്യേക പരോളിലെങ്കിലും ഇത് ഒതുക്കാമായിരുന്നു. പരോളിനു പുറമേ ജയില്‍വാസ കാലത്തും പിണറായി സര്‍ക്കാര്‍ എല്ലാ സഹായ സൗകര്യങ്ങളും ഇവര്‍ക്ക് അനുവദിച്ച് നല്‍കിയിട്ടുണ്ട്. ജയിലില്‍വെച്ച് സാമൂഹ മാധ്യമങ്ങളില്‍ പ്രതികള്‍ സജീവമായിരുന്ന തിന്റെയും ലഹരി ഉപയോഗത്തിന്റെയും സഹതടവുകാരെയും ജയിലുദ്യോഗസ്ഥരെയും അക്രമിച്ചതിന്റെയുമെല്ലാം വാര്‍ത്തകള്‍ നിരന്തരമായി പുറത്തുവന്നുകൊണ്ടിരുന്നതാണ്. എന്നാല്‍ ഈ നിയമലംഘനങ്ങളുടെ പേരില്‍ എന്തെങ്കിലും നടപടികള്‍ എടുക്കുന്നതിനുപകരം പ്രതികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാനാണ് മുഖ്യമന്ത്രി നേരിട്ട് കൈകാര്യംചെയ്യുന്ന ആഭ്യന്തര വകുപ്പ് തയാറായിട്ടുള്ളത്. പരോളിലിറങ്ങിയാല്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളുടെ നിരീക്ഷണമുള്‍പ്പെടെയുള്ള ഒരു നിബന്ധനയും ഇവര്‍ക്ക് ബാധകമല്ലാത്ത അവസ്ഥയുമാണ്. അതുകൊണ്ട് തന്നെ പരോളില്‍ ഇറങ്ങിയ ഘട്ടങ്ങളില്‍ പോലും ഇവര്‍ കുറ്റകൃത്യങ്ങളി ലേര്‍പ്പെടുകയാണ്. മാത്രവുമല്ല സി.പി.എം നേതൃത്വത്തിന്റെ എല്ലാ സഹകരണവും സംരക്ഷണവും ഇക്കാലയള വില്‍ ഇവര്‍ അനുഭവിന്നുമുണ്ട്.
ടി.പി വധക്കേസിലെ പ്രതികളെ ഈ സര്‍ക്കാര്‍ എന്തിന് ഇങ്ങനെ നിര്‍ലജ്ജം സഹായിക്കുന്നു എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. ടി.പിയെ കൊല്ലിച്ചതാരാണെന്ന പരസ്യമായ രഹസ്യം പ്രതികളുടെ നാവിലൂടെ തന്നെ പുറത്തുവരുമെന്ന സി.പി.എമ്മിന്റെ ഭയമാണതിനുപി ന്നില്‍. കൊടി സുനിക്ക് പരോള്‍ അനുവദിച്ചതിലൂടെയും കഴിഞ്ഞ ദിവസം പെരിയ കൊലക്കേസിലെ പ്രതികള്‍ ക്കു വേണ്ടി ശക്തമായി നിലയുറപ്പിച്ചതിലൂടെയും സി.പി.എം നല്‍കുന്ന സന്ദേശം വ്യക്തമാണ്. പാര്‍ട്ടിക്കു വേണ്ടിയുള്ള എത്ര ഹീനമായ ചെയ്തികളെയും സംര ക്ഷിക്കാന്‍ ഈ പാര്‍ട്ടി കൂടെയുണ്ടാവുമെന്നതാണത്. കണ്ണൂര്‍ എ.ഡി.എം ആയിരുന്ന നവീന്‍ബാബുവിന്റെ ആത്മ ഹത്യയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയതെന്ന പേരിലുള്ള പരാതി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചത് നിമിഷങ്ങള്‍ക്കകമാണ്. എന്നാല്‍ ആ പരാതി വ്യാജമായിരുന്നുവെന്ന് വിവരാവകാശ കമ്മിഷന്റെ മറുപടികൊണ്ട് തന്നെ വ്യക്തമായിരിക്കുകയാണ്. ആരോപണ വിധേയയായ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ രക്ഷിക്കാനുള്ള ചെപ്പടി വിദ്യയായിരുന്നു പരാതിക്കു പിന്നില്‍. കൊടിസുനിക്ക് വേണ്ടിയുള്ള അമ്മയുടെ പേരിലുള്ള അപേക്ഷയും സി.പി.എമ്മിന്റെ കുതന്ത്രത്തിന്റെ ഭാഗംതന്നെയായിരിക്കുമെന്ന് ന്യായമായും സംശയിക്കാവുന്നതാണ്.