X

വിവാഹത്തില്‍ മൂന്നാം കക്ഷിക്ക് ഇടപെടാനാകില്ല: സുപ്രീംകോടതി

 

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ തമ്മില്‍ വിവാഹിതരാകാന്‍ തീരുമാനിച്ചാല്‍ രക്ഷിതാക്കള്‍ ഉള്‍പ്പെടെ ആര്‍ക്കും തടയാനാകില്ലെന്ന് സുപ്രീംകോടതി. രക്ഷിതാക്കള്‍ക്കോ സമൂഹത്തിനോ കാപ്പഞ്ചായത്തിനോ മറ്റേതെങ്കിലും മൂന്നാം കക്ഷിക്കോ ഇതില്‍ ഇടപെടാന്‍ അധികാരമില്ല. കാപ് പഞ്ചായത്തുകളുടെ പ്രവര്‍ത്തനങ്ങളില്‍ ആശങ്കയുണ്ടെന്നും കോടതി പറഞ്ഞു.
ദുരഭിമാനക്കൊല പ്രത്യേക കുറ്റമായി കണക്കാക്കണമെന്നും കടുത്ത ശിക്ഷ നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ട് ഹരിയാന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാറിതര സംഘടനയായ ശക്തി വാഹിനി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ പരാമര്‍ശം. സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരാകുന്നവരെ അപമാനിക്കുന്നതും ദുരഭിമാനക്കൊലക്ക് ഇരയാക്കുന്നതും അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. സ്വസ്ഥമായും സമാധാനപരമായും ജീവിതം നയിക്കാനുള്ള സ്വാതന്ത്ര്യം അവരുടെ മൗലികാവകാശത്തിന്റെ ഭാഗമാണ്. അതിനെ തടയാന്‍ മറ്റാര്‍ക്കും അധികാരമില്ല. കോടതി വ്യക്തമാക്കി.
ഡല്‍ഹിയില്‍ മറ്റൊരു മതത്തില്‍പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന്റെ പേരില്‍ അങ്കിത് സക്‌സേന എന്ന യുവാവിനെ വധുവിന്റെ കുടുംബം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം ഹര്‍ജിക്കാരന്‍ കോടതിയുടെ ശ്രദ്ധയില്‍പെടുത്തി. എന്നാല്‍ കോടതിയുടെ പരിഗണനയില്‍ ഇല്ലാത്തതിനാല്‍ ആ കേസിലേക്ക് കടക്കുന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ദുരഭിമാനക്കൊല എന്നത് മൃദു പ്രയോഗമാണ്. സാധാരണ കൊലക്കുറ്റമായി മാത്രമാണ് ഇതിനെ പരിഗണിക്കുന്നതും. ഇതു മാറണം. ഹീനമായ കുറ്റകൃത്യമായി ദുരഭിമാനക്കൊലയെ കണക്കാക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു. സ്വത്തു തര്‍ക്കവുമായി ബന്ധപ്പെട്ട കേസുകളില്‍ മാത്രമാണ് വിവാഹം നിയമപരമായിരുന്നോ അല്ലയോ എന്നതും കുട്ടികള്‍ നിയമപരമായ വിവാഹത്തില്‍ ജനിച്ചതാണോ അല്ലയോ എന്നും കോടതികള്‍ പരിശോധിക്കുന്നത്. അല്ലാത്ത സാഹചര്യങ്ങളില്‍ വിവാഹ വിഷയത്തില്‍ ഇടപെടാന്‍ കോടതിക്കു പോലും അധികാരമില്ലെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. കാപ് പഞ്ചായത്തുകള്‍ക്ക് പരമ്പരാഗത മൂല്യങ്ങളുണ്ടെങ്കിലും നിലവില്‍ മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് കാപ് പഞ്ചായത്തിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. ദുരഭിമാനക്കൊലകളില്‍ മൂന്നു ശതമാനം മാത്രമാണ് മിശ്ര വിവാഹങ്ങള്‍. 97 ശതമാനവും മതപരമോ മറ്റോ ആയ കാരണങ്ങളാല്‍ നടക്കുന്നതാണ്. എന്നാല്‍ ഇതിനെല്ലാം കാപ് പഞ്ചായത്തുകളെ അടച്ചാക്ഷേപിക്കുകയാണെന്നും അഭിഭാഷകന്‍ പറഞ്ഞു. പാരമ്പര്യത്തെക്കുറിച്ചുള്ള കുറിപ്പല്ല എഴുതുന്നത്. പ്രായപൂര്‍ത്തിയെത്തിയവര്‍ക്ക് സ്വന്തം വിവാഹം തീരുമാനിക്കാന്‍ സ്വാതന്ത്ര്യമില്ലാത്തതിനെക്കുറിച്ചാണ്. ഇക്കാര്യത്തില്‍ കാപ് പഞ്ചായത്തുകളുടെ പ്രവര്‍ത്തനങ്ങള്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട് – കോടതി പറഞ്ഞു. മനുഷ്യ ജീവനേക്കാള്‍ വിലയുള്ളതല്ല ആചാരങ്ങളെന്ന സത്യം അംഗീകരിക്കുന്നുവെന്നായിരുന്നു കാപ് പഞ്ചായത്ത് അഭിഭാഷകന്റെ പ്രതികരണം.
തുടര്‍ന്ന് ദുരഭിമാനക്കൊല തടയുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കി സമര്‍പ്പിക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സാവകാശം വേണമെന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദിന്റെ ആവശ്യം അംഗീകരിച്ച കോടതി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റി.

chandrika: