X

ബാറുകളിലേക്ക് ‘വളഞ്ഞവഴി’; പുലിവാല് പിടിച്ച് എക്‌സൈസ്

തിരുവനന്തപുരം: ദേശീയ, സംസ്ഥാന പാതയോരത്തെ മദ്യവില്‍പനക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ സുപ്രീം കോടതി വിധി മറികടക്കാന്‍ ബാറുടമകള്‍ ‘വളഞ്ഞവഴി’തേടിയതോടെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പുലിവാല് പിടിച്ചു. ദേശീയ, സംസ്ഥാന പാതകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ മദ്യവില്‍പന നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവു മറികടക്കാനാണ് പാതയോരത്തെ മദ്യശാലകളുടെ ഗേറ്റുകള്‍ മാറ്റി പുറകുവശത്തു സ്ഥാപിച്ചും വഴി വലുതാക്കിയും ഗേറ്റുകള്‍ കെട്ടിയടച്ചും ബാറുടമകള്‍ പുതിയ വഴി തീര്‍ത്തത്. പുതിയ വഴിക്ക് അംഗീകാരം നല്‍കണമെന്ന ആവശ്യവുമായി എത്തുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ മറ്റു ജോലികള്‍ മാറ്റിവച്ച് വഴിയളക്കലില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട അവസ്ഥയിലാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍.
മദ്യശാലയിലേക്കുള്ള പുതിയ വഴിക്ക് അനുമതി നല്‍കണമെന്ന ആവശ്യവുമായി 240 പേര്‍ എക്‌സൈസ് വകുപ്പിനെ സമീപിച്ചതായാണ് വകുപ്പിന്റെ പ്രാഥമിക കണക്ക്. എക്‌സൈസിന്റെ അംഗീകാരം ലഭിക്കാത്തതിനാല്‍ നാലും അഞ്ചും തവണ വഴിമാറ്റി പണിതവരും കൂട്ടത്തിലുണ്ട്. പരിശോധനകള്‍ക്കുശേഷം പലരുടേയും ആവശ്യം എക്‌സൈസ് വകുപ്പ് തള്ളി. എന്നാല്‍, പുതിയ വഴികള്‍ കണ്ടെത്തി ഉടമകള്‍ വീണ്ടുമെത്തുകയാണ്. ദേശീയ, സംസ്ഥാന പാതകള്‍ക്ക് അരികിലുള്ള ഗേറ്റുകള്‍ മാറ്റി സ്ഥാപിക്കുന്നത് ഇടവഴികളിലേക്കാണെങ്കില്‍, ദൂരപരിധിപാലിക്കുന്ന അത്തരം മദ്യശാലകള്‍ക്ക് അനുമതി നല്‍കാറുണ്ടെന്ന് എക്‌സൈസ് വ്യക്തമാക്കുന്നു.
മദ്യശാല സ്ഥിതിചെയ്യുന്ന വസ്തുവിനുള്ളില്‍ വളഞ്ഞവഴികള്‍ തീര്‍ക്കുന്നവര്‍ക്ക് അനുവാദം നല്‍കാന്‍ കഴിയില്ലെന്നും നിയമപരമായി അതു നിലനില്‍ക്കില്ലെന്നും എക്‌സൈസ് അധികൃതര്‍ പറയുന്നു. എന്നാല്‍, നിലനില്‍പ്പിന്റെ പോരാട്ടമാണിതെന്നാണ് ബാറുടമകളുടെ വാദം. ബാറുകള്‍ നവീകരിക്കുന്നതിനായി വായ്പയെടുത്ത പലരും പ്രതിസന്ധിയിലാണ്. ബാറുകള്‍ തുറക്കാന്‍ അനുമതി ലഭിച്ചില്ലെങ്കില്‍ ഈ വ്യവസായം തകരുമെന്നും അവര്‍ വ്യക്തമാക്കുന്നു.
ക്ഷേത്രം, പള്ളികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പട്ടികജാതി പട്ടികവര്‍ഗ കോളനി എന്നിവക്ക് 200 മീറ്റര്‍ ചുറ്റളവില്‍ (ഗേറ്റില്‍നിന്ന് ഗേറ്റിലേക്ക്) മദ്യശാലകള്‍ പാടില്ലെന്നും 400 മീറ്റര്‍ ചുറ്റളവില്‍ കള്ളുഷാപ്പുകള്‍ പാടില്ലെന്നുമായിരുന്നു നിയമം. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 15നാണ് ദേശീയ, സംസ്ഥാന പാതകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ മദ്യവില്‍പനശാലകളും മദ്യവില്‍പന കേന്ദ്രങ്ങളുടെ പരസ്യങ്ങളും നിരോധിച്ച് സുപ്രീം കോടതി ഉത്തരവിട്ടത്.

chandrika: