ന്യൂഡല്‍ഹി: രാജി വെക്കില്ലെന്നും വിചാരണ നേരിടുമെന്നും കേന്ദ്രമന്ത്രി ഉമാഭാരതി. ജയിലില്‍ പോകാന്‍ തയാറാണെന്നും ഉമാഭാരതി വ്യക്തമാക്കി. 1992 ബാബ്‌രി മസ്ജിദ് തകര്‍ക്കപ്പെട്ട കേസില്‍ ഗൂഢാലോചനക്കുറ്റത്തില്‍ വിചാരണ ശരിവെച്ച് സുപ്രീംകോടതി വിധി വന്നതിന് ശേഷമാണ് മുതിര്‍ന്ന ബിജെപി നേതാവും ജലവിഭവ-നദീവികസന-ഗംഗ പുനരുദ്ധാരണ വകുപ്പ് മന്ത്രിയുമായ ഉമാഭാരതി ഇങ്ങനെ പ്രതികരിച്ചത്.
അധികാരത്തില്‍ തൂങ്ങി നില്‍ക്കുന്ന വ്യക്തിയല്ല താന്‍. സുപ്രീംകോടതി വിധിയില്‍ രാജി വെ്ക്കില്ല. വേണമെങ്കില്‍ രാമക്ഷേത്രത്തിന് വേണ്ടി ജയിലില്‍ പോകാനും തയാറാണെന്നും ഉമാഭാരതി വ്യക്തമാക്കി. യാതൊരു വിധ ഗൂഢാലോചനയും നടന്നിട്ടില്ല. ക്ഷേത്രം പണിയേണ്ട ഉചിത സമയം ഇതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കോടതി വിധി വന്നതിന് പിന്നാലെ കോണ്‍ഗ്രസ് ഉമാഭാരതി രാജി വെക്കണമെന്നാവശ്യപ്പെട്ടിരുന്നു. അടിയന്തിരാവസ്ഥക്കും 1984ലെ കലാപത്തിനും ഉത്തരവാദികളായവര്‍ക്ക് രാജി ആവശ്യപ്പെടാന്‍ എന്ത് അര്‍ഹതയാണുള്ളതെന്ന് ഉമാഭാരതി തിരിച്ചടിച്ചു. യാതൊരു വിധ ഗൂഢാലോചനയും ഇല്ലെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
സിബിഐ നല്‍കിയ ഹര്‍ജിയിലാണ് ഉമാഭാരതിക്കും മുരളി മനോഹര്‍ ജോഷിക്കുമെതിരെ കോടതി വിധി പുറപ്പെടുപ്പിച്ചത്. അതേസമയം രാജസ്ഥാന്‍ ഗവര്‍ണര്‍ സ്ഥാനം വഹിക്കുന്നതിനാല്‍ കല്യാണ്‍ സിങ്ങിനെതിരെ വിചാരണ നടത്താനാവില്ലെന്നും കോടതി നിരീക്ഷിച്ചു.