ന്യഡല്‍ഹി: ഫേസ്ബുക്ക്, വാട്‌സ്ആപ്, ഗൂഗിള്‍ അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകില്ലെന്ന് ടെലികോം മന്ത്രാലയം. നിലവിലെ ആശയ വിനിമയ സംവിധാനങ്ങള്‍ക്ക് ചട്ടക്കൂടുകള്‍ വേണ്ടെന്നുള്ള റിപ്പോര്‍ട്ട് തിങ്കളാഴ്ചയാണ് സുരക്ഷാ വിഭാഗം പുറത്തുവിട്ടത്.
വാട്സ്ആപ്പ്, മെസ്സെഞ്ചര്‍ അടക്കമുള്ള സാമൂഹ്യമാധ്യമങ്ങള്‍ നിലവില്‍ സൗജന്യ നിരക്കിലാണ് വോയ്‌സ് അടക്കമുള്ള മെസ്സേജ് സംവിധാനങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. ഇത് ഇന്ത്യയിലെ ടെലികോം കമ്പനികള്‍ക്ക് ഭീമമായ നഷ്ടമാണ് വരുത്തി വെക്കുന്നത്.ഈ സാഹചര്യത്തിലാണ് ടെലികോം കമ്പനികള്‍ ഇത്തരം സംവിധാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നത്
നിലവില്‍ ട്രായ് നിര്‍ദേശിച്ചിട്ടുള്ള നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായി ഇത്തരം ഒടിടി സംവിധാനങ്ങള്‍ ഉപയോഗിക്കപ്പെടുന്നില്ലെന്നും, കൂടാതെ നിലവിലെ സാഹചര്യത്തില്‍ ഇത്തരം സംവിധാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ഉചിതമല്ലെന്നും ട്രായ് പ്രസ്താവനയില്‍ പറഞ്ഞു.
കൂടാതെ, ഒടിടി സംവിധാനങ്ങള്‍ ദേശ സുരക്ഷയും വ്യക്തി സ്വകാര്യതയും ബന്ധപ്പെട്ട കാര്യങ്ങളിലും നിയന്ത്രണങ്ങള്‍ വേണ്ടെന്നും ട്രായ് പറഞ്ഞു. എന്നാല്‍ ഫേസ്ബുക്ക്, വാട്‌സ്ആപ്, ഗൂഗിള്‍ അടക്കമുള്ള കമ്പനികള്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല.