X

റോഡില്‍ റീല്‍സ് വേണ്ട; കര്‍ശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ബീച്ച് റോഡില്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടയില്‍ വീഡിയോഗ്രാഫര്‍ കാറിടിച്ച് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി.

സംസ്ഥാന പൊലീസ് മേധാവി സ്വീകരിച്ച നടപടികളെക്കുറിച്ച് നാല് ആഴ്ച്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. കോഴിക്കോട് ബീച്ച് റോഡില്‍ യുവാവ് മരിക്കാനിടയായ സംഭവം പരിശോധിച്ച് അന്വേഷണം നടത്തി കോഴിക്കോട് പോലീസ് കമ്മീഷണര്‍ നാല് ആഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസില്‍ ജനുവരി 30 ന് രാവിലെ 10.30 ന് നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.

സമൂഹമാധ്യമത്തില്‍ റീച്ചുണ്ടാക്കാന്‍ അപകടകരമായ നിലയില്‍ റീലുകള്‍ ചിത്രീകരിക്കുന്ന പ്രവണത കൂടിവരികയാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കെ.ബൈജുനാഥ് സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അഡ്വ.വി.ദേവദാസ് സമര്‍പ്പിച്ച പരാതിയിലാണ് ഇടപെടല്‍.

 

webdesk17: