X
    Categories: indiaNews

മോദിയുടെ പിതാവ് ചായക്കട നടത്തിയതിന് തെളിവില്ലെന്ന് റെയില്‍വേ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതാവ് ചായക്കട നടത്തിയതിന് തെളിവൊന്നുമില്ലെന്ന് പശ്ചിമ റെയില്‍വേ. വിവരാവകശപ്രകാരം ഒരു അഭിഭാഷകന്‍ സമര്‍പ്പിച്ച അപ്പീലിലാണ് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ തീര്‍പ്പാക്കിയിരിക്കുന്നത്.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഹരിയാനക്കാരനായ പവന്‍ പരീക് എന്ന അഭിഭാഷകന്‍ മോദിയുടെ പിതാവ് റെയില്‍വേ സ്റ്റേഷനില്‍ ചായക്കട നടത്തിയെന്ന് പറയുന്നത് സംബന്ധിച്ച വിവരങ്ങള്‍ അറിയാനാനുള്ള അപേക്ഷയുമായി പശ്ചിമ റെയില്‍വേയെ സമീപിച്ചത്. ചായക്കടയുടെ ലൈസന്‍സ് എപ്പോഴാണ് നല്‍കിയതെന്നും അഭിഭാഷകന്‍ ചോദിച്ചു. ഇതിന്റെ സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകര്‍പ്പും അഭിഭാഷകന്‍ തന്റെ അപേക്ഷയിലൂടെ റെയില്‍വേയോട് ആരാഞ്ഞിരുന്നു.

എന്നാല്‍ പശ്ചിമ റെയില്‍വേയുടെ ഭാഗത്ത് നിന്നും മറുപടിയൊന്നുമുണ്ടായില്ല. തുടര്‍ന്നാണ് അഭിഭാഷകന്‍ അപ്പീല്‍ നല്‍കിയത്. അപ്പീല്‍ അതോറിറ്റി തീര്‍പ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ കേന്ദ്ര വിവരാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു. അഭിഭാഷകന്റെ ആദ്യ അപേക്ഷയും അപ്പീലും ലഭിച്ചില്ലെന്നാണ് തുടര്‍ന്ന് പശ്ചിമ റെയില്‍വേ നല്‍കിയ മറുപടി. അഭിഭാഷകന്‍ ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങള്‍ വളരെ പഴക്കം ചെന്നതാണെന്നും ഇതേപറ്റിയുള്ള യാതൊരു രേഖയും അഹമ്മദാബാദ് ഡിവിഷനില്‍ സൂക്ഷിച്ചിട്ടില്ലെന്നുമായിരുന്നു അഭിഭാഷകന്റെ രണ്ടാമത്തെ അപ്പീലിനുള്ള മറുപടി. തന്റെ കുട്ടിക്കാലത്ത് ട്രെയിനിലും റെയില്‍വേ പ്ലാറ്റിഫോമിലും മോദി ചായ വില്പന നടത്തിയിരുന്നത് സംബന്ധിച്ച് രേഖകളൊന്നും ലഭ്യമല്ലെന്ന് 2015ല്‍ സമര്‍പ്പിച്ച ഒരു വിവരാവകാശ അപേക്ഷയ്ക്ക് മറുപടി ലഭിച്ചിരുന്നു.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: