X

കുതിരക്കച്ചവടത്തിനുള്ള മറുപടി; ശിവസേനയുമായി സഖ്യമുണ്ടാക്കില്ലെന്ന് ശരത് പവാര്‍

മുംബൈ: തങ്ങളുടെ പാര്‍ട്ടി ശിവസേനയുമായി സഖ്യമുണ്ടാക്കില്ലെന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി മേധാവി ശരത് പവാര്‍. ബിജെപിയെ പുറത്താക്കി ശിവസേനയ്ക്ക് സര്‍ക്കാര്‍ രൂപികരിക്കാന്‍ എന്‍സിപി സഹായം വാഗ്ദാനം ചെയ്‌തേക്കുമെന്ന റിപ്പോര്‍ട്ടുകളും അദ്ദേഹം തള്ളി. ബിജെപിയുമായി ധാരണയുള്ള പാര്‍ട്ടിയാണ് ശിവസേന അവരുമായി ഞങ്ങള്‍ സമീപിക്കില്ലെന്നും പവാര്‍ പറഞ്ഞു. താല്‍ക്കാലിക നേട്ടത്തിനു വേണ്ടി സ്വന്തം പാര്‍ട്ടിയെ തള്ളിപ്പറഞ്ഞ് മറുകണ്ടം ചാടിയവര്‍ക്കും രാഷ്ട്രീയ കുതിരക്കച്ചവടം നടത്തുന്നവര്‍ക്കുമുള്ള മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും എന്‍.സി.പി അധ്യക്ഷന്‍ പറഞ്ഞു.

സംസ്ഥാനത്തെ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ സഖ്യകക്ഷിയായ കോണ്‍ഗ്രസുമായി ചര്‍ച്ചചെയ്തു ശക്തമായ പ്രതിപക്ഷമായി മുന്നോട്ട് പോകാനാണ് താല്‍പര്യം കാണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസില്‍നിന്നും എന്‍.സി.പിയില്‍നിന്നും ബി.ജെ.പിയിലേക്ക് നേതാക്കളുടെ വന്‍ ഒഴുക്കായിരുന്നു. എന്നാല്‍ ഇത്തരത്തില്‍ കൂറുമാറിയെത്തി ബി.ജെ.പിയില്‍ സീറ്റ് തരപ്പെടുത്തിവരില്‍ ഭൂരിപക്ഷവും തോറ്റതോടെയാണ് ശരത് പവാറിന്റെ പ്രതികരണം. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ അടക്കം മുതിര്‍ന്ന് നേതാക്കള്‍ കിതച്ചുനിന്നപ്പോള്‍ വാര്‍ധക്യത്തിന്റെ അവശതകള്‍ അവഗണിച്ച് പ്രതിപക്ഷത്തെ ഒറ്റയാനായി നിന്ന് നയിച്ച നേതാവാണ് ശരത് പവാര്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മഹാരാഷ്ട്രയിലെ സതാരയില്‍ മഴ നനഞ്ഞു നിന്ന് പ്രസംഗിക്കുന്ന ശരത് പവാറിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.

‘എന്റെ അണികൾ നനയുമ്പോൾ എനിക്കു കുട വേണ്ടെ’ന്നു പറഞ്ഞാണ് 79 കാരന്‍ മഴയത്ത് നിന്ന് പ്രസംഗിച്ചത്‌.

സതാരയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്തതില്‍ തനിക്ക് തെറ്റ് പറ്റിയെന്ന് പ്രസംഗത്തില്‍ ശരദ് പവാര്‍ തുറന്ന് സമ്മതിച്ചിരുന്നു. തുടര്‍ന്ന് സത്താര ലോക്‌സഭാ മണ്ഡലത്തില്‍ എന്‍.സി. പി സിറ്റിങ് എം.പി സ്ഥാനം രാജിവെച്ച് ബി. ജെ.പിയില്‍ ചേര്‍ന്ന ഉദയനരാജ ബോസലെ എന്‍.സി.പിയോടു തന്നെ തോറ്റിരുന്നു.

chandrika: