ഇന്ത്യയിൽ പ്രചാരത്തിലുള്ള 76 മരുന്ന് നിര്‍മാണ കേന്ദ്രങ്ങൾക്ക് ഉത്പാദനവിലക്ക്. നിലവാരമില്ലായ്മ ചൂണ്ടിക്കാണിച്ചാണ് പരിശോധന നടന്ന 237 കമ്പനികളിൽ 76 എണ്ണത്തിനും സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ്‌സ് കണ്ട്രോൾ ഓർഗനൈസേഷൻ ഉത്പാദനവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബർ മാസം മുതൽ നടന്നു വരുന്ന പരിശോധനകൾക്കൊടുവിലാണ് വിലക്കേർപ്പെടുത്തുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കണ്ട്രോൾ ഓർഗനൈസേഷനിൽ നിന്നും പുറത്ത് വന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 76 മരുന്നു കമ്പനികൾക്ക്, ഉത്പാദനം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയിരിക്കുന്നത്. ഇതിൽ 15 കമ്പനികളുടെ ലൈസൻസ് മരവിപ്പിക്കും.
പരിശോധനയ്‌ക്കെടുത്ത സാമ്പിളുകളിൽ 15 ശതമാനം സാമ്പിളുകളും നിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയിരുന്നു. അതിന്റെ ഭാഗമായി 35 മരുന്ന് നിർമ്മാണ കേന്ദ്രങ്ങൾക്ക് നിലവാരമില്ലായ്മ ചൂണ്ടിക്കാണിച്ച് നോട്ടീസ് അയച്ചിരുന്നു. നാലാംഘട്ട പരിശോധനകൾ ഇപ്പോൾ നടന്നു വരികയാണ്. ഈ ഘട്ടത്തിൽ പുതുതായി 51 കേന്ദ്രങ്ങളിൽ പരിശോധന നടന്നതായാണ് വിവരം.
മൊത്തം കണക്കെടുത്താൽ, പരിശോധന നടത്തിയതിൽ 218 സ്ഥാപനങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. 76 സ്ഥാപനങ്ങളോട് ഉൽപ്പാദനം അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും, 15 സ്ഥാപനങ്ങളുടെ ലൈസൻസ് അവസാനിപ്പിക്കുകയും, 40 സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്തതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.