X

സ്ഥാനക്കയറ്റമില്ല, അടിസ്ഥാന ശമ്പളത്തിലും വിവേചനം;നീതിനിഷേധം ഹയര്‍സെക്കണ്ടറി ജൂനിയര്‍ അധ്യാപകരോട്

കണ്ണൂര്‍: തുല്യ യോഗ്യതയുള്ള സീനിയര്‍, ജൂനിയര്‍ അധ്യാപകര്‍ ഒരേ സ്ഥാപനത്തില്‍ ജോലിചെയ്യുമ്പോഴും അടിസ്ഥാന ശമ്പളത്തില്‍ ഇപ്പോഴും പതിനായിരം രൂപയുടെ വ്യത്യാസം. സ്ഥാനകയറ്റം നല്‍കുന്നതിലും വിവേചനം നേരിടുമ്പോള്‍ അവഗണന നേരിട്ട് വിരമിക്കുകയാണ് വര്‍ഷങ്ങളോളം ജൂനിയറായി ജോലിചെയ്തവര്‍.

സംസ്ഥാനത്തെ വിവിധ വിദ്യാലയങ്ങളില്‍ ജോലിചെയ്യുന്ന ഹയര്‍സെക്കന്ററി ജൂനിയര്‍ അധ്യാപകരാണ് അടിസ്ഥാന ശമ്പളത്തിലെ വ്യത്യാസം കൊണ്ടും സ്ഥാനക്കയറ്റം നല്‍കാത്ത വിവേചനത്തിനാലും അവഗണന നേരിടുന്നത്. 2001ല്‍ നിലവില്‍ വന്ന ഹയര്‍സെക്കന്ററി സ്‌പെഷ്യല്‍ റൂള്‍സില്‍ ജൂനിയര്‍ അധ്യാപകരോട് വിവേചനം കാണിക്കുകയാണെന്ന് ടീച്ചേഴ്‌സ് ഫെഡറേഷന്‍ ആരോപിക്കുന്നു. യോഗ്യത മാനദണ്ഡമാക്കി സീനിയര്‍ വിഭാഗത്തിനൊപ്പം ഒരേ സ്ഥാപനത്തില്‍ സമാന ജോലിചെയ്യുന്ന ജൂനിയര്‍ അധ്യാപകരുടെ അടിസ്ഥാന ശമ്പളത്തിലും വ്യത്യാസമുണ്ട്. സര്‍വീസ് കാലയളവ് കൂടുമ്പോഴും അന്തരം നിലനില്‍ക്കുകയാണെന്ന് വര്‍ഷങ്ങളായി ജൂനിയര്‍ അധ്യാപകരായി ജോലിചെയ്യുന്നവര്‍ പറയുന്നു. ജൂനിയര്‍ സര്‍വീസ് പ്രിന്‍സിപ്പള്‍ പ്രൊമോഷന്‍ പോലെ സര്‍വീസ് ആനുകൂല്യവും നിഷേധിക്കുകയാണ്.

അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ജൂനിയര്‍ അധ്യാപകര്‍ക്ക് സീനിയറായി പ്രമോഷന്‍ നല്‍കുമെന്ന് 2016ല്‍ മന്ത്രിസഭ തീരുമാനിച്ചെങ്കിലും ഇതുവരെ നടപ്പിലാക്കിയിട്ടില്ല. ഇരുപതിലധികം വര്‍ഷം സര്‍വീസുള്ള ആയിരക്കണക്കിന് ജൂനിയര്‍ അധ്യാപകരാണ് അവഗണന നേരിട്ട് വിരമിക്കുന്നത്. ഒരു ദിവസം പോലും ഹയര്‍സെക്കന്ററി അധ്യാപക പരിചയമില്ലാത്ത ഹൈസ്‌കൂള്‍ പ്രധാനാധ്യാപകര്‍ക്ക് ഹയര്‍സെക്കന്ററി പ്രധാനാധ്യാപകരായി സ്ഥാനക്കയറ്റം നല്‍കുന്നുണ്ട്. എന്നാല്‍ ഇരുപത് മുതല്‍ ഇരുപത്തഞ്ച് വര്‍ഷം വരെ സര്‍വീസുള്ള ഹയര്‍സെക്കന്ററി ജൂനിയര്‍ അധ്യാപകന് പ്രിന്‍സിപ്പളായി സ്ഥാനക്കയറ്റം ലഭിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ജൂനിയര്‍ സര്‍വീസ് സീറോ സര്‍വീസായി മാറുകയാണെന്നും അധ്യാപകര്‍ ആരോപിക്കുന്നു.

വിവേചന ഫലമായി അക്കാദമികേതര പ്രവര്‍ത്തനങ്ങളായ എന്‍എസ്എസ്, എസ്പിസി, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, അസാപ്, സ്പാര്‍ക്ക്, ഇ-ഗ്രാന്റ്‌സ് തുടങ്ങി ഹയര്‍സെക്കന്ററി മേഖലയിലെ അധികഭാരം ജൂനിയര്‍ അധ്യാപകരെ അടിച്ചേല്‍പ്പിക്കുകയാണ്. അധ്യാപനം നടത്തുന്ന പീരിയഡുകളിലെ ചെറിയൊരു സാങ്കേതികത്വം മാത്രമാണ് വിവേചനവുമായി ബന്ധപ്പെട്ട ന്യായീകരണം. സ്‌പെഷ്യല്‍ റൂള്‍സ് പരിഷ്‌ക്കരിച്ച് പീരിയഡുകളിലെ അന്തരം ഒഴിവാക്കി ഹയര്‍സെക്കന്ററി അധ്യാപക തസ്തിക ഏകീകരിക്കണമെന്നാണ് ജൂനിയര്‍ അധ്യാപകരുടെ ആവശ്യം.

 

 

 

 

 

Test User: