മക്ക : ഹജ്ജ് വേളയില്‍ രാഷ്ട്രീയ പ്രചാരണങ്ങളില്‍ നിന്നും അനാവശ്യ സംസാരങ്ങളില്‍ നിന്നും തീര്‍ത്ഥാടകര്‍ വിട്ടുനില്‍ക്കണമെന്ന് സഊദി ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലു ശൈഖ് തീര്‍ത്ഥാടകരോട് അഭ്യര്‍ത്ഥിച്ചു. ഹജ്ജ് കര്‍മ്മത്തിന്റെ ആത്മാവില്‍ ലയിക്കണമെങ്കില്‍ അനാവശ്യ പ്രവണതകളില്‍ നിന്നെല്ലാം ഹാജിമാര്‍ മുക്തരാകണം. തീര്‍ത്ഥാടനത്തിന്റെ യഥാര്‍ത്ഥ ഫലം ലഭിക്കണമെങ്കില്‍ ദൈവ സ്മരണയിലും ഹജ്ജിന്റെ കര്‍മ്മങ്ങളിലും മാത്രം മുഴുകണം. തര്‍ക്കങ്ങളില്‍ നിന്നും വഴക്കുകളില്‍ നിന്നും ഹാജിമാര്‍ മാറിനില്‍ക്കണം.
വെറുപ്പും പകയും അരുത്. ഹജ്ജ് എന്ന ലക്ഷ്യത്തില്‍ ആത്മാര്‍ത്ഥതയുണ്ടാവണം. പ്രവാചക ചര്യ പിന്തുടരണം. ദൈവത്തിന്റെ വിശുദ്ധിയെ ആദരിക്കണം. വൈകാരികമായ ചിന്തയില്‍ നിന്നും ഇടപെടലുകളില്‍ നിന്നും ഹാജിമാര്‍ വഴിമാറണം. നാഥന്‍ നമുക്ക് നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകടിപ്പിക്കുയും അവന്റെ വിധിവിലക്കുകള്‍ പാലിക്കുകയും ചെയ്യുകയെന്നതാണ് ഓരോ വിശ്വാസിയുടെയും കടമയെന്നും ഗ്രാന്‍ഡ് മുഫ്തി ഹജ്ജിനോട് അനുബന്ധിച്ച് നടത്തിയ പ്രസ്താവനയില്‍ ഓര്‍മിപ്പിച്ചു.