X

നാടോടി ബാലികയെ ആക്രമിച്ച ഏരിയാ കമ്മിറ്റി അംഗത്തിനെതിരെ നടപടിയെടുക്കില്ലെന്ന് സി.പി.എം

മലപ്പുറം: എടപ്പാളില്‍ നാടോടി ബാലികയുടെ തല അടിച്ചു പൊട്ടിച്ച സി.പി.എം ഏരിയാ കമ്മിറ്റി അംഗവും മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമായ സി. രാഘവനെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കില്ലെന്ന് സി.പി.എം. പാര്‍ട്ടിയുടെ മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസ് ആണ് ഇക്കാര്യത്തില്‍ പ്രതികരിച്ചത്. ജീവന്‍ അപകടപ്പെട്ടേക്കാവുന്ന വിധത്തില്‍ മാരകമായി അടിച്ചു പരിക്കേല്‍പ്പിക്കല്‍ അടക്കം ജാമ്യമില്ലാത്ത വകുപ്പുകളാണ് രാഘവനെതിരെ ചങ്ങരംകുളം പൊലീസ് ചുമത്തിയിട്ടുള്ളത്.

എന്നാല്‍ വീഴ്ചയിലാണ് പെണ്‍കുട്ടിക്ക് പരിക്ക് പറ്റിയതെന്നാണ് സി.പി.എം വാദം. വീട്ടിലെ ആക്രി സാധനങ്ങള്‍ പെറുക്കുന്നത് തടയുക മാത്രമാണ് രാഘവന്‍ ചെയ്തതെന്നും ഇത് സ്വാഭാവിക നടപടി മാത്രമാണെന്നും സി.പി.എം നേതൃത്വം വ്യക്തമാക്കി.

ഞായറാഴ്ച എടപ്പാള്‍ ജങ്ഷനില്‍ പാലക്കാട് റോഡിലുള്ള രാഘവന്റെ കെട്ടിടത്തിന് സമീപമാണ് സംഭവം നടന്നത്. മൂന്ന് സ്ത്രീകളും രണ്ട് പെണ്‍കുട്ടികളുമടങ്ങുന്ന നാടോടി സംഘം ആക്രി സാധനങ്ങള്‍ ശേഖരിക്കുന്നതിനിടെ സ്ഥലത്തെത്തിയ രാഘവന് ഇവരോട് കയര്‍ക്കുകയും സംഘത്തിലുള്ള കുട്ടിയുടെ തലയടിച്ച് പൊട്ടിക്കുകയുമായിരുന്നു. കുട്ടിയുടെ കയ്യിലുണ്ടായിരുന്ന ചാക്ക് പിടിച്ചു വാങ്ങി അടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: