തിരുവനനന്തപുരം: മറ്റു സംസ്ഥാനങ്ങളുമായി കേരളത്തിലെ ആശ പ്രവര്‍ത്തകരെ താരതമ്യപ്പെടുത്തരുത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മറ്റൊരു സംസ്ഥാനത്തും ആശ പ്രവര്‍ത്തകര്‍ക്ക് ഇത്രയും ജോലി ഭാരമില്ലെന്നും വാക്കൗട്ട് പ്രസംഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. സമരം ന്യായമല്ലെന്ന നിലപാട് ശരിയല്ല. ന്യായമായ ആവശ്യം ഉന്നയിച്ചുള്ള സമരത്തിനൊപ്പമാണ് പ്രതിപക്ഷം.
ആശ പ്രവര്‍ത്തകരുടെ സമരം പരിഹരിക്കണമെന്ന പോസിറ്റീവായ അഭ്യര്‍ത്ഥനയാണ് മുന്നോട്ടു വച്ചത്. എന്നാല്‍ സമരത്തെ മന്ത്രി പൂര്‍ണമായും തള്ളിപ്പറയുകയാണ് ചെയ്തതെത്. മറ്റു സംസ്ഥാനങ്ങളുമായി കേരളത്തിലെ ആശ പ്രവര്‍ത്തകരെ താതമ്യപ്പെടുത്തരുത്. ട്രേഡ് യൂനിയനുകള്‍ സമരത്തിനൊപ്പം ഇല്ലെന്നാണ് മന്ത്രി പറഞ്ഞത്.
ഈ സമരം നടത്തുന്നത് മറ്റൊരു ട്രേഡ് യൂനിയനാണ്. ഐ.എന്‍.ടി.യു.സി ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് എല്ലാ ജില്ലകളിലും സമരം നടത്തിയിട്ടുണ്ട്. ഇതേ ട്രേഡ് യൂനിയന്‍ നേതാവ് തന്നെയാണ് 11 വര്‍ഷം മുന്‍പ് ഇതേ സഭയില്‍ വന്ന് സംസ്ഥാനത്തിന്റെ ഓണറേറിയം പതിനായിരം രൂപയാക്കണമെന്ന് ആവശ്യപ്പെട്ടത്.
പ്രതിപക്ഷ നേതാവിന്റെ പ്രസംഗം തടസപ്പെടുത്തുന്നതിന് സ്പീക്കര്‍ കൂട്ടു നില്‍ക്കുകയാണ്. രണ്ടു മിനിട്ട് ഈ വിഷയം നിയമസഭയില്‍ മെന്‍ഷന്‍ ചെയ്യാന്‍ പോലും അവസരമില്ലെങ്കില്‍ എന്തിനാണ് നിയമസഭ കൂടുന്നത്. 99 പേര്‍ ബഹളമുണ്ടാക്കി ഞങ്ങളുടെ ശബ്ദം നിലപ്പിക്കാമെന്നാണോ? 15 മിനിട്ട് മന്ത്രി പറഞ്ഞത് ഞങ്ങള്‍ കേട്ടുകൊണ്ടിരുന്നില്ലേ?
സമരം തുടങ്ങിയപ്പോള്‍ മുതല്‍ അതിനെ പരിഹസിക്കുകയും അവരെ പുച്ഛത്തോടെ നോക്കിക്കാണുകയും ചെയ്യുന്ന സമീപനവുമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. മുഖ്യമന്ത്രിക്ക് വേണ്ടി മറുപടി നല്‍കിയ പാര്‍ലമെന്ററി കാര്യ മന്ത്രിയും ഇന്ന് അതേ സമീപനമാണ് തുടര്‍ന്നത്. ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള സമരത്തിന് സര്‍ക്കാര്‍ ന്യായമായ പരിഹാരം ഉണ്ടാക്കണം. എന്നാല്‍ വീണ്ടും സമരത്തെ പരിഹസിക്കാനും സമരത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം നോക്കാനും സര്‍ക്കാര്‍ ഇറങ്ങിപ്പുറപ്പെടുന്നതില്‍ പ്രതിഷേധിച്ച് വാക്കൗട്ട് ചെയ്യുന്നുവെന്നും വി.ഡി. സതീശൻ പറഞ്ഞു.