X

ജീവനുള്ള കാലത്തോളം മുസ്‌ലിംകളുടെ അവകാശങ്ങൾ ആരും കവർന്നെടുക്കില്ല; നിതീഷിനെയും ഹിമന്ത ബിശ്വ ശര്‍മയെയും രൂക്ഷമായി വിമർശിച്ച് തേജസ്വി യാദവ്

അസം നിയമസഭയില്‍ ജുമുഅ നിസ്‌കാരത്തിനായുള്ള സമയം ഒഴിവാക്കിയ സംഭവത്തില്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയെയും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും രൂക്ഷമായി വിമര്‍ശിച്ച് ബീഹാര്‍ പ്രതിപക്ഷ നേതാവും രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി) നേതാവുമായ തേജസ്വി യാദവ്.

തരംതാഴ്ന്ന ജനപ്രീതിക്കുള്ള ശ്രമമാണ് അസം മുഖ്യമന്ത്രിയുടേതെന്നും ബി.ജെ.പി മുസ്ലിംകളെ എല്ലാ തരത്തിലും പീഡിപ്പിക്കാനാണ് നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും തേജസ്വി തുറന്നടിച്ചു. ബി.ജെ.പിക്കൊപ്പം നില്‍ക്കുന്ന നിതീഷ് കുമാര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. ഞങ്ങളുടെ ഭരണകാലത്ത് ഇങ്ങനെ ഒരു ദുരവസ്ഥ ന്യൂനപക്ഷങ്ങള്‍ക്ക് വരില്ലെന്നും തേജസ്വി മാധ്യമങ്ങളോട് പറഞ്ഞു.

ഏതെങ്കിലും തരത്തില്‍ ന്യൂനപക്ഷങ്ങളെ ഉപദ്രവിക്കാനും സമൂഹത്തില്‍ വിദ്വേഷം പടര്‍ത്താനും ബി.ജെ.പിക്കാരുടെ ശ്രമം. ഇവിടെ ഒരു ബി.ജെ.പി എം.എല്‍.എയും മന്ത്രിയും നിയമസഭയില്‍ കുരങ്ങിനെപ്പോലെ ചാടിവീണിരുന്നു. മുസ്ലിംകളുടെ വോട്ടവകാശം എടുത്തുകളയുമെന്ന് പറഞ്ഞ്. തങ്ങള്‍ ജീവിച്ചിരിക്കുന്ന കാലത്തോളം ഒരാള്‍ക്കും മുസ്ലിംകളുടെ അവകാശങ്ങള്‍ ആര്‍ക്കും കവര്‍ന്നെടുക്കാന്‍ കഴിയില്ലെന്നും തേജസ്വി തുറന്നടിച്ചു.നിതീഷ് എന്‍ഡിഎക്കൊപ്പം ചേര്‍ന്നതോടെ ഇന്ത്യാസഖ്യത്തിന്റെ മുഖമായി ബിഹാറില്‍ നിറയുകയാണ് തേജസ്വി.

വിശ്വാസികളായ നിയമസാമാജികര്‍ക്കും മറ്റും ജുമുഅ നിസ്‌കാരത്തിന് സൗകര്യപ്പെടുന്ന വിധം വെള്ളിയാഴ്ച ഉച്ച 12 മുതല്‍ രണ്ടുവരെ നിയമസഭക്ക് ഇടവേള അനുവദിച്ചിരുന്നതാണ് അസം സര്‍ക്കാര്‍ നിര്‍ത്തിയത്. ലോക്‌സഭയിലോ രാജ്യസഭയിലോ മറ്റു നിയമസഭകളിലോ ഇത്തരത്തില്‍ ജുമുഅ നമസ്‌കാരത്തിനായി ഇടവേള അനുവദിക്കാറില്ലെന്ന വാദമുയര്‍ത്തിയാണ് നിര്‍ത്തിയത്. ബ്രിട്ടീഷ്‌കാലം മുതലുള്ള നിയമമാണ് മാറ്റിയത്. നിയമസഭ സ്പീക്കര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം.

തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പതരക്കാണ് അസം നിയമസഭ സമ്മേളനം തുടങ്ങുക. എന്നാല്‍, വെള്ളിയാഴ്ച ഒമ്പത് മണിക്ക് സമ്മേളനം തുടങ്ങും. ഇടവേള ഒഴിവാക്കിയതോടെ ഇനി എല്ലാ ദിവസവും ഒമ്പതരക്കാവും സമ്മേളനം തുടങ്ങുക. നേരത്തെ 2023 ഡിസംബറില്‍ രാജ്യസഭയില്‍ ജുമുഅ നിസ്‌കാരത്തിനായി അനുവദിച്ചിരുന്ന 30 മിനിറ്റ് ഇടവേള ഒഴിവാക്കിയിരുന്നു.

webdesk13: