ബിഷപ്പിന്റെ പ്രസ്താവനയോട് പ്രതികരണവുമായി മുസ്‌ലീം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി. ഫെയ്‌സ്ബുക്കിലുടെയാണ് പ്രതികരണം നടത്തിയത് ഫെയ്‌സ്ബുക്കില്‍ അദ്ദേഹം പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ്ണ രൂപം
മുസ്ലിമിന് ഒരു ജിഹാദേ വശമുള്ളൂ…’ജിഹാദുല്‍ അക്ബര്‍'(വലിയ ജിഹാദ്).ഓരോ വിശ്വാസിയും സ്വന്തം ദേഹേച്ഛകളോട് നടത്തുന്ന യുദ്ധമാണത്.മനസ്സും ശരീരവും വിശ്വാസ വിശുദ്ധിയില്‍ പാകപ്പെടുത്തിയെടുക്കാനുള്ള അവനവന്റെ പോരാട്ടം.അല്ലാഹുവിന്റെ ഏകത്വത്തില്‍ വിശ്വസിക്കാനും അതനുസരിച്ച് ജീവിക്കാനുമുള്ള അവകാശം നിഷേധിക്കപ്പെടുമ്പോള്‍ ദൈവമാര്‍ഗത്തില്‍ നടത്തുന്ന സമരമാണ് മറ്റൊരു ജിഹാദ്.
ഇവ രണ്ടുമല്ലാത്ത ഒരു ജിഹാദിനെ കുറിച്ച് ഇസ്ലാമിക വിശ്വാസ പ്രമാണങ്ങളില്‍ എവിടെയും പറഞ്ഞിട്ടില്ലെന്നത് സാമാന്യ ബോധമുള്ള സര്‍വ്വര്‍ക്കും അറിവുള്ളതാണ്. പുതിയ പുതിയ ജിഹാദുകള്‍ നാള്‍ക്കു നാള്‍ രംഗപ്രവേശം ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ ഈ അറിവ് എല്ലാവരും ഒന്ന് പുതുക്കുന്നത് നന്നായിരിക്കും.
ഇസ്ലാമിനെ അപഹസിക്കുകയാണ് ഉദ്ദേശമെങ്കില്‍ ഒരു വിശ്വാസ്യത ജനിപ്പിക്കാനെങ്കിലും ജിഹാദ് എന്ന അറബി പദത്തോട് സമാനമായ അറബി വാക്കുകള്‍ ചേര്‍ത്തു വെക്കണമായിരുന്നുവെന്നേ ഇത്തരക്കാരോട് പറയാനുള്ളൂ
ലവ് ജിഹാദ്, റോമിയോ ജിഹാദ്, ഫുഡ് ജിഹാദ്, ഇപ്പോള്‍ നാര്‍ക്കോട്ടിക് ജിഹാദ് തുടങ്ങിയ നെറികെട്ട പ്രയോഗങ്ങളിലെ അശ്ലീലത സഹിച്ചും ക്ഷമിച്ചും കുറച്ചു കാലമായി വലിയൊരു വിശ്വാസി സമൂഹം ഇവിടെ കഴിഞ്ഞു കൂടുന്നുണ്ടെന്നത് നമ്മുടെ പൊതുമണ്ഡലം തരിമ്പെങ്കിലും പരിഗണിക്കേണ്ടതാണ്.
പൗരോഹത്യത്തിന്റെ ഉത്തരവാദിത്വത്തെ കുറിച്ചും ഔന്നത്യത്തെ കുറിച്ചും ക്രിസ്തീയ മത പുരോഹിതരെ ആരെങ്കിലും പ്രത്യേകം പഠിപ്പിക്കേണ്ടതുണ്ടന്ന് കരുതാന്‍ വയ്യ.
കാരണം ആ മതത്തിന്റെ പാരമ്പര്യവും മഹത്വവും നാളിത് വരെ അങ്ങിനെയായിരുന്നു.അതനുഭവിച്ചറിഞ്ഞ വലിയൊരു ജനസമൂഹമുണ്ട് ഇവിടെ.
ഈ പാരമ്പര്യം കളഞ്ഞുകുളിക്കുന്ന പ്രസ്താവനകളാണ് ഈയിടെയായി ചില െ്രെകസ്തവ മതമേലധ്യക്ഷന്മാരുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നത് ആശ്ചര്യകരമാണ്.
പറഞ്ഞുകേള്‍ക്കുമ്പോലെ സ്വന്തം സമൂഹത്തിലെ പ്രതിസന്ധികള്‍ക്ക് മറ പിടിക്കാനും വിശ്വാസികളെ വൈകാരികതയിലേക്ക് വഴി തിരിച്ചുവിടാനുമാണ് ഈ അന്യമത വിദ്വേഷമെങ്കില്‍ ഈ ഹീന പ്രവര്‍ത്തിക്ക് ദൈവം നിങ്ങളോട് പൊറുക്കട്ടെ!
‘അന്യോന്യം ബഹുമാനം കാണിക്കുന്നതില്‍ മുന്‍കൈ എടുക്കുവിന്‍.’ റോമര്‍ 12:10
പാലയിലെ ബിഷപ്പിനോട് ആദരവും സ്‌നേഹവുമുണ്ട്. അത് അങ്ങയെ ആ സ്ഥാനത്തേക്ക് അവരോധിച്ച െ്രെകസ്തവ വിശ്വാസികളെ കൂടി പരിഗണിച്ചാണ്.
അതല്ലാത്ത പെരുമാറ്റം അങ്ങയോട് ആരുടെയെങ്കിലും ഭാഗത്ത് നിന്നുമുണ്ടായാല്‍ അത് ഇസ്ലാമികവുമല്ല എന്നു പറയട്ടെ !
മത പാണ്ഡ്യത്യത്തിനപ്പുറം പൗരോഹത്യം പരിചയമില്ലാത്ത ഇസ്ലാമിക വിശ്വസികളെ സംബന്ധിച്ചടത്തോളം വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയുമാണ് പരമപ്രധാനം.
അവയെ അപകീര്‍ത്തിപ്പെടുത്താനും അപഹസിക്കാനുമുള്ള ഏതൊരു ശ്രമവും വലിയ മുറിവുകളാണ് ഉണ്ടാക്കുക. അസ്ഥാനത്തുള്ള ഈ ജിഹാദീ പ്രയോഗങ്ങള്‍ അത് കൊണ്ട് തന്നെ കടുത്ത അപരാധം തന്നെയായാണ് മുസ്ലിങ്ങള്‍ക്ക് അനുഭവപ്പെടുന്നത്.
സമൂഹത്തെ ബാധിച്ചു കൊണ്ടിരിക്കുന്ന പൊതു ജീര്‍ണ്ണതകളെ മത ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന മതനേതൃത്വങ്ങള്‍ ഒറ്റക്കെട്ടായാണ് നേരിടേണ്ടത്. നന്മ തിന്മകള്‍ വേര്‍തിരിച്ചെടുക്കുന്നതിന് പകരം അവയെ മൊത്തം ഒരു മതത്തിന്റെ കള്ളിയില്‍ തള്ളി മുഖം മിനുക്കാനുള്ള പ്രവണത ഒട്ടും നന്നല്ല.
പരമത വിദ്വേഷം ഭക്ഷിച്ച് ഇങ്ങനെ ഈ നാടിന് ജീവിക്കാനാകുമോ ?
പ്രകോപിപ്പിച്ച് ഒരു മതത്തെ വീണ്ടും അരുക്കാക്കാനാണെങ്കില്‍ കേരളത്തില്‍ ആ കണക്ക് തെറ്റും.
കാരണം അരികുവല്‍ക്കരിക്കപ്പെട്ട ഒരു ജനതക്ക് ആത്മാഭിമാനവും അന്തസ്സും നല്‍കി അവരെ പരിലാളിച്ച് പരിരക്ഷിച്ച് വേണ്ടുന്ന ദിശാബോധം പകരുന്ന മുസ്ലിം ലീഗ് എന്ന മഹാ പ്രസ്ഥാനമുണ്ടിവിടെ!അതിനു കീഴില്‍ ഈ ജനത സുഭദ്രമാണ്