ലഖ്നൗ: ഉത്തര്‍പ്രദേശിലെ പരാജയത്തിന് ആരും ഉത്തരവാദികളല്ലെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി നല്‍കിയ അതിരുവിട്ട വാഗ്ദാനങ്ങളുടെ പുറത്താണ് ജനങ്ങള്‍ അവര്‍ക്ക് വോട്ടുചെയ്തത്. എന്നാല്‍ അവര്‍ ആ വാഗ്ദാനങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് നമുക്ക് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം വിമര്‍ശിച്ചു.
തോല്‍വി പാര്‍ട്ടിയുടെ അവസാനമായി ആരും കാണണ്ടെന്നും നേരത്തേയും പരാജയങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ജയവും പരാജയവും രാഷ്ട്ീയ ജീവിതത്തിന്റെ ഭാഗമാണെന്നും പരാജയത്തില്‍ നിന്നും പിന്നീട് സര്‍ക്കാര്‍ രൂപീകരിച്ചിട്ടുമുണ്ടെന്നും മുലായം ചൂണ്ടിക്കാട്ടി. എന്നാല്‍ വോട്ടര്‍മാരെ കാര്യങ്ങള്‍ ധരിപ്പിക്കുന്നതില്‍ തങ്ങള്‍ പരാജയപ്പെട്ടുവെന്നും എസ്.പി സ്ഥാപക നേതാവ് കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടി പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തിയ മുലായം സിങ്ങും മകന്‍ അഖിലേഷും എസ്പിയെന്നത് ഒരു പാര്‍ട്ടി മാത്രമല്ലെന്നും ഒരു പ്രത്യയശാസ്ത്രം കൂടിയാണെന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ ഓര്‍മപ്പെടുത്തി. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പ്രകടനം വിലയിരുത്തി ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്നും അഖിലേഷ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഉറപ്പു നല്‍കി.
അതേസമയം എസ്പി നേതാവ് മുലായവും മകന്‍ അഖിലേഷ് യാദവുമായുള്ള തര്‍ക്കമായിരുന്നു യുപി തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തെ ശ്രദ്ധേയ വിഷയം. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി യുപിയില്‍ മല്‍സരിച്ച എസ്പിക്ക് 403 ല്‍ 56 സീറ്റ് മാത്രമേ നേടാനായുള്ളു. സംസ്ഥാനത്ത് 325 സീറ്റുകളാണ് ബിജെപി സ്വന്തമാക്കിയത്.