X

മുസ്‌ലിംകളെ തൊടാന്‍ ആരെയും അനുവദിക്കില്ല; സംരക്ഷണം നല്‍കുമെന്ന് കര്‍ഷക, ഖാപ് പഞ്ചായത്ത് നേതാക്കള്‍

ഹരിയാനയിലെ കലാപാന്തരീക്ഷം അവസാനിപ്പിക്കാന്‍ പരിഹാര ആലോചനകളുമായി യോഗം ചേര്‍ന്ന് കര്‍ഷക, ഖാപ്പ് പഞ്ചായത്ത് നേതാക്കള്‍. നൂഹിലെ വര്‍ഗീയ ലഹളയ്ക്കു പിന്നാലെയാണ് ഹിസാറിലെ ബാസ് ഗ്രാമത്തില്‍ നേതാക്കള്‍ ഒന്നിച്ചത്. മുസ്‌ലിംകളെ തൊടാന്‍ ഒരാളെയും അനുവദിക്കില്ലെന്നും അവര്‍ക്ക് എല്ലാ സംരക്ഷണവും നല്‍കുമെന്നും യോഗത്തില്‍ പ്രഖ്യാപനമുണ്ടായതായി ‘ഇന്ത്യന്‍ എക്‌സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്തു.

നൂഹിലെ സംഘര്‍ഷത്തിനുശേഷം സംഭവത്തെക്കുറിച്ചു വിലയിരുത്താനും തുടര്‍നടപടികള്‍ക്കുമായി ചേരുന്ന ആദ്യത്തെ പൊതുസംഗമാണു ബുധനാഴ്ച ഹിസാറില്‍ നടന്നത്. പരിപാടിയില്‍ ഹിന്ദു, മുസ്‌ലിം, സിഖ് ഉള്‍പ്പെടെയുള്ള വിഭാഗങ്ങളില്‍നിന്നായി രണ്ടായിരത്തിലേറെ കര്‍ഷകര്‍ പങ്കെടുത്തതായി എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. മുസ്‌ലിം വ്യാപാരികളെയും വ്യാപാരസ്ഥാപനങ്ങളെയും ബഹിഷ്‌ക്കരിക്കാനും ഗ്രാമങ്ങളില്‍ മുസ്‌ലിംകള്‍ക്കു വിലക്കേര്‍പ്പെടുത്താനും ചില പഞ്ചായത്തുകളുടെ ആഹ്വാനം പുറത്തുവന്നതിനു പിന്നാലെയാണ് ഹിസാറിലെ സംഗമമെന്ന പ്രത്യേകതയുമുണ്ട്.

‘ഇവിടെ മുസ്‌ലിംകളുണ്ട്. ഒരാളെയും അവരെ തൊടാന്‍ അനുവദിക്കില്ല. എല്ലാ ഖാപ് പഞ്ചായത്തുകള്‍ക്കും അവരുടെ സംരക്ഷണ ഉത്തരവാദിത്തമുണ്ട്’കര്‍ഷക നേതാവും സംഗമത്തിന്റെ സംഘാടകരില്‍ ഒരാള്‍ കൂടിയായ സുരേഷ് കോത്ത് വ്യക്തമാക്കി. ഹിസാറില്‍നിന്നുള്ള ഖാപ് നേതാവ് കൂടിയായ സുരേഷ് കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു.

കാര്‍ഷിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി ആഗസ്റ്റ് 9ന് ബാസില്‍ നേരത്തെ ഒരു സംഗമം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇതിനിടയില്‍ നൂഹിലെ അക്രമസംഭവങ്ങളുണ്ടായതോടെയാണ് അടിയന്തര പ്രാധാന്യം ഇതിനാണെന്നു മനസിലാക്കി ഇത്തരമൊരു പരിപാടി നടത്തിയതെന്ന് സുരേഷ് കോത്ത് പറഞ്ഞു. കര്‍ഷകപ്രക്ഷോഭത്തിന്റെ കേന്ദ്രമായിരുന്നു മൂന്ന് ഹരിയാന ജില്ലകള്‍ക്കു നടുവിലാണ് ബാസ് സ്ഥിതിചെയ്യുന്നത്.

നൂഹില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ സംഗമത്തില്‍ ആഹ്വാനമുണ്ടായിട്ടുണ്ട്. ഒരു തരത്തിലുള്ള വര്‍ഗീയ ലഹളയുടെയും ഭാഗമാകില്ലെന്നും കര്‍ഷകര്‍ പ്രതിജ്ഞയെടുത്തു. സോഷ്യല്‍ മീഡിയയില്‍ പ്രകോപനപരമായ വിഡിയോ പോസ്റ്റ് ചെയ്ത് കലാപം സൃഷ്ടിച്ചവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകണമെന്നും സംഗമം ആവശ്യപ്പെട്ടു.

webdesk13: