പാണക്കാട് തങ്ങന്മാരുടെ യോഗ്യത അളക്കാൻ മാത്രം ആരും വളർന്നിട്ടില്ലെന്നും വിവാദങ്ങളുണ്ടാക്കുന്നത് പ്രശ്‌നം തീരരുത് എന്ന് ആഗ്രഹിക്കുന്നവരാണെന്നും മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എറണാകുളത്ത് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനം സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നവരാണ് മഹല്ലുകളിൽ ഖാസി സ്ഥാനം വഹിക്കുന്നത്. ആ യോഗ്യത പാണക്കാട് തങ്ങന്മാർക്കുണ്ട്. ഇത്തരം പ്രശ്‌നങ്ങൾ ലൈവാക്കി നിലനിർത്താൻ ആഗ്രഹിക്കുന്ന ചിലരാണ് വിവാദമുണ്ടാക്കുന്നത്. പാണക്കാട് തങ്ങന്മാരുടെ യോഗ്യത അളക്കാൻ മാത്രം അവരാരും വളർന്നിട്ടില്ല. ജനങ്ങൾ ഇതൊന്നും അംഗീകരിക്കാനും പോകുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ഏത് പ്രശ്‌നവും സമാധാനമായി ചർച്ച ചെയ്യാൻ പാണക്കാട് തങ്ങന്മാർ തന്നെ മുൻകൈയെടുക്കും. സമസ്ത നേതാക്കളും ഈ യോഗങ്ങളിൽ പങ്കെടുക്കും. വിഷയങ്ങൾ വരുമ്പോൾ സാദിഖലി തങ്ങൾ മുൻകൈയെടുത്താണ് അതെല്ലാം പരിഹരിക്കാറുള്ളത്. അതിനിടയിൽ ഇത്തരം വിവാദങ്ങൾ ഉണ്ടാക്കുന്നത് പ്രശ്‌നങ്ങൾ തീരരുത് എന്ന് ആഗ്രഹിക്കുന്നവരാണ്. ഇതിലും വലിയ വിമർശനങ്ങളുണ്ടായിട്ടും യാതൊന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സമസ്തയല്ല, സമസ്തയിലെ ഒരു വ്യക്തി മാത്രമാണ് ഇതൊക്കെ പറയുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമൂഹത്തിൽ ഛിദ്രതയുണ്ടാക്കുന്ന ഇത്തരം വ്യക്തികളുടെ പ്രസ്താവനകൾ നല്ലതാണോ അല്ലയോ എന്ന് സമസ്ത ആലോചിക്കേണ്ട കാര്യമാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.