ന്യൂഡല്‍ഹി: ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് എന്ന യൂട്യൂബ് ഷോയ്ക്കിടെ അശ്ലീലപരാമര്‍ശം നടത്തിയ യൂട്യൂബര്‍ രണ്‍വീര്‍ അല്ലാഹ്ബാദിയക്ക് മുന്നറിയിപ്പുമായി മുന്‍ ഡബ്ല്യുഡബ്ല്യുഇ റസ്ലിംഗ് താരം സൗരവ് ഗുര്‍ജാര്‍. തന്റെ മുന്നില്‍ കിട്ടിയാല്‍ രണ്‍വീറിനെ എന്നില്‍ നിന്ന് രക്ഷിക്കാന്‍ കഴിയില്ലെന്ന് ഗുര്‍ജാര്‍ പറഞ്ഞു. രണ്‍വീറിന്റെ പരാമര്‍ശത്തിന് മാപ്പ് നല്‍കരുതെന്നും അയാള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ഗുര്‍ജാര്‍ ആവശ്യപ്പെട്ടു. സമൂഹമാധ്യമത്തിലുടെയാണ് ഗുര്‍ജാറിന്റെ പ്രതികരണം.
ഷോക്കിടെ രണ്‍വീര്‍ പറഞ്ഞകാര്യങ്ങള്‍ ഒരിക്കലും ക്ഷമിക്കാന്‍ കഴിയില്ല. അതില്‍ നടപടി എടുത്തില്ലെങ്കില്‍ ആളുകള്‍ സമാനമായ കാര്യങ്ങള്‍ പറയുന്നത് തുടരും. രണ്‍വീര്‍ എല്ലാ പരിധികളും ലംഘിച്ചു. ഇത്തരം കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് നമ്മുടെ സമൂഹത്തെയും മതത്തെയും നശിപ്പിക്കുന്ന അദ്ദേഹത്തെപ്പോലുള്ള ആളുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണം. എന്നാല്‍ മാത്രമേ അടുത്ത തലമുറയെ രക്ഷിക്കാന്‍ കഴിയൂ. സംസാര സ്വാതന്ത്ര്യം എന്നാല്‍ നിങ്ങള്‍ക്ക് എന്തും പറയാം എന്നല്ല. തനിക്ക് അസഭ്യം പറയാന്‍ താത്പര്യമില്ല. പക്ഷേ മുംബൈയില്‍ എവിടെയെങ്കിലും വെച്ച് കാണാനിടയയാല്‍ അവന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആര്‍ക്കും അവനെ എന്നില്‍ നിന്ന് രക്ഷിക്കാന്‍ കഴിയില്ല-ഗുര്‍ജാര്‍ പറഞ്ഞു.