Categories: indiaNews

അമിത് ഷാ ആയാലും മറ്റേതെങ്കിലും ഷാ ആയാലും ആര്‍ക്കും തമിഴ്നാടിനെ ഭരിക്കാന്‍ കഴിയില്ല: എംകെ സ്റ്റാലിന്‍

കേന്ദ്രസര്‍ക്കാരിനെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കടന്നാക്രമിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. സംസ്ഥാനങ്ങളുടെ അവകാശങ്ങളെ തുരങ്കം വയ്ക്കുന്നുവെന്നും ദേശീയ വിഷയങ്ങളില്‍ ഡിഎംകെയുടെ നിലപാടിനെ തെറ്റായി ചിത്രീകരിക്കുന്നുവെന്നും എംകെ സ്റ്റാലിന്‍ പറഞ്ഞു.

2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അധികാരത്തിലെത്തുമെന്ന ബിജെപിയുടെ അവകാശവാദവും അദ്ദേഹം തള്ളിക്കളഞ്ഞു, ”ഒരു ഷായ്ക്കും ഇവിടെ ഭരിക്കാന്‍ കഴിയില്ല, ഇത് തമിഴ്നാടാണ്,”സ്റ്റാലിന്‍ ഓര്‍മ്മിപ്പിച്ചു.

ഡിഎംകെയുടെ പോരാട്ടം തത്വത്തിലും ഫെഡറല്‍ മൂല്യങ്ങളിലും അടിയുറച്ച ഒന്നായാണ് മുഖ്യമന്ത്രി രൂപപ്പെടുത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം മൂലമാണ് ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കേണ്ടി വന്നത്, അതില്‍ നിന്നാണ് ചരിത്രപരമായ വിധി ഉണ്ടായതെന്നും സ്റ്റാലിന്‍ പറഞ്ഞു. ഡിഎംകെയുടെ ശക്തി ഇപ്പോള്‍ തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് മാത്രമല്ല, ഇന്ത്യയിലുടനീളമുള്ള എല്ലാവര്‍ക്കും പ്രകടമാണ്.

തുടര്‍ന്ന് അദ്ദേഹം കേന്ദ്രത്തോട് നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചു: ‘നീറ്റ് ഇളവ് അനുവദിക്കുമെന്ന് നിങ്ങള്‍ക്ക് ഉറപ്പിക്കാമോ? ഹിന്ദി അടിച്ചേല്‍പ്പിക്കില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പുനല്‍കാന്‍ കഴിയുമോ? തമിഴ്‌നാടിന് അനുവദിച്ച പ്രത്യേക ഫണ്ടുകളുടെ വിശദാംശം വ്യക്തമാക്കാമോ? വരാനിരിക്കുന്ന ഡീലിമിറ്റേഷന്‍ പ്രക്രിയയില്‍ തമിഴ്നാടിന്റെ പ്രാതിനിധ്യം കുറയ്ക്കില്ലെന്ന് നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യാമോ?’

ഷായുടെ പരാമര്‍ശത്തെ പരാമര്‍ശിച്ച് സ്റ്റാലിന്‍ ചോദിച്ചു, ”ഞങ്ങള്‍ ചെയ്യുന്നത് ശ്രദ്ധ വ്യതിചലനം എന്ന് വിളിക്കുന്നുവെങ്കില്‍, എന്തുകൊണ്ടാണ് നിങ്ങള്‍ ഈ നിര്‍ണായക വിഷയങ്ങളില്‍ തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാത്തത്?”

ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ തമിഴ്നാടിന്റെ വികസനത്തെ സാധ്യമായ എല്ലാ വിധത്തിലും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു

”നിങ്ങള്‍ ഞങ്ങളെ തടസ്സപ്പെടുത്തുന്നത് തുടരുകയാണെങ്കില്‍, നിയമാനുസൃതമായ മാര്‍ഗങ്ങളിലൂടെ ഞങ്ങള്‍ ആ തടസ്സങ്ങള്‍ തകര്‍ക്കും,” സ്റ്റാലിന്‍ പറഞ്ഞു.

പാര്‍ട്ടികളെ തകര്‍ക്കാനും റെയ്ഡുകളിലൂടെ അവരെ ഭയപ്പെടുത്താനുമുള്ള ബി.ജെ.പിയുടെ തന്ത്രം മറ്റെവിടെയെങ്കിലും പ്രവര്‍ത്തിക്കുമെങ്കിലും തമിഴ്നാട്ടില്‍ അത് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

webdesk17:
whatsapp
line