ചോര കണ്ടിട്ട് പൂതി തീരാത്ത അക്രമികള്‍ അരങ്ങുവാഴുന്ന ഭ്രാന്താലയമായി പ്രബുദ്ധ കേരളം മാറുകയാണോ? അതേയെന്ന് സമ്മതിക്കാന്‍ പൊതുസമൂഹത്തെ നിര്‍ബന്ധിക്കുന്നുണ്ട് പാലക്കാട്ടെ ഇരട്ടക്കൊലകള്‍. 24 മണിക്കൂറുകൊണ്ട് പിടഞ്ഞുതീര്‍ന്നത് വിലപ്പെട്ട രണ്ട് ജീവനുകള്‍. കൊല്ലപ്പെട്ട രണ്ടുപേര്‍ക്കും രാഷ്ട്രീയ മേല്‍വിലാസങ്ങളുണ്ട്. ഒരാള്‍ എസ്.ഡി.പി.ഐക്കാരന്‍. മറ്റൊരാള്‍ ആര്‍.എസ്.എസുകാരന്‍. രാഷ്ട്രീയമായി സ്വയം തിരഞ്ഞെടുത്ത രണ്ട് വഴികള്‍. പക്ഷെ, ഇത്രയും നിര്‍ദയമായി കൊലക്കത്തിക്ക് ഇരയാകുമെന്ന് അവര്‍ ഒട്ടും പ്രതീക്ഷിച്ചതല്ല.
ഒരാള്‍ ജുമുഅ നിസ്‌കാരം കഴിഞ്ഞ് പിതാവിനോടൊപ്പം ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കൊല്ലപ്പെട്ടത്. മറ്റൊരാള്‍ സ്വന്തം കടയില്‍ ഇരിക്കുമ്പോഴും. വ്യത്യസ്ത കൊടിക്കീഴില്‍ അണിനിരക്കുമ്പോഴും അവര്‍ മനുഷ്യരാണ്. അവരെ പ്രതീക്ഷിച്ച് രണ്ട് കുടുംബങ്ങള്‍ കണ്‍പാര്‍ത്ത് നില്‍ക്കുന്നുണ്ടായിരുന്നു. സുബൈര്‍ വീട്ടിലേക്കുള്ള വഴിയിലും ശ്രീനിവാസന്‍ സ്വന്തം സ്ഥാപനത്തിലായിരിക്കുമ്പോഴും മനസ്സില്‍ കണ്ടിരുന്നത് സ്വന്തം മക്കളെയും ജീവിതത്തേയുമാണ്. അവര്‍ക്ക് നാളെയെക്കുറിച്ച് സ്വപ്‌നങ്ങളുണ്ടായിരുന്നു. പ്രിയപ്പെട്ടവര്‍ക്ക് നിറമുള്ള പ്രതീക്ഷകള്‍ നല്‍കി വീട്ടില്‍നിന്ന് ഇറങ്ങിയവര്‍ തിരിച്ചെത്തിയത് ചേതനയറ്റാണ്.
നിമിഷ നേരം കൊണ്ട് അനാഥരായ രണ്ട് കുടുംബങ്ങളുടെ അലമുറകള്‍ കേള്‍ക്കാന്‍ രാഷ്ട്രീയ ബധിരതയുള്ള കാതുകള്‍ക്ക് സാധിച്ചിരിക്കില്ല. സുബൈറിനെയും ശ്രീനിവാസനെയും ക്രൂരമായി വെട്ടിക്കൊന്ന് വിജയഭേരി മുഴക്കുന്ന ക്രിമിനല്‍ സംഘങ്ങള്‍ ഏതെങ്കിലും പ്രത്യയശാസ്ത്രത്തോടോ ആദര്‍ശങ്ങളോടോ കൂറുള്ളവരുമല്ല. പക തീര്‍ക്കാന്‍ നടക്കുന്ന ക്രിമിനലുകള്‍ മാത്രമാണ് അവര്‍. പിതാവിനെ നഷ്ടപ്പെട്ട കുഞ്ഞിന്റെ രോദനങ്ങള്‍ അവരുടെ മനസ്സിനെ ഒട്ടും അസ്വസ്ഥമാക്കുന്നില്ല. പ്രതികാരത്തിന്റെ സ്‌കോര്‍ ബോര്‍ഡ് തികയ്ക്കണമെന്നേ അവര്‍ക്കുള്ളൂ. അതിന് എന്ത് ക്രൂരതയ്ക്കും മടിക്കാത്തവര്‍. രാഷ്ട്രീയത്തിന്റെ നിറഭേദങ്ങള്‍ അവര്‍ക്ക് രക്ഷപ്പെടാനുള്ള ഒളിസങ്കേതങ്ങള്‍ മാത്രമാണ്. മനുഷ്യ ജീവന് ഉറുമ്പിന്റെ വില പോലും നല്‍കാതെ കൊടും ക്രിമിനലുകള്‍ അഴിഞ്ഞാടുന്ന ഒരു സമൂഹമായി കേരളം അധ:പതിക്കുന്നത് ഏറെ ഭീതിതമാണ്. ഒരുകാലത്ത് കണ്ണൂരില്‍ മാത്രമായി ഒതുങ്ങിയിരുന്ന കൊലപാതക രാഷ്ട്രീയം ഇപ്പോള്‍ പാലക്കാട്ടേക്കും ആലപ്പുഴയിലേക്കും പടര്‍ന്നിരിക്കുന്നു. ഇങ്ങനെ പോയാല്‍ കേരളം മുഴുവന്‍ ചോര വീണ് തുടുക്കാന്‍ അധികം വേണ്ടിവരില്ല. അതിന് മുമ്പ് ഉത്തരവാദിത്ത ബോധത്തോടെ പ്രവര്‍ത്തിക്കേണ്ട ചുമതല ഓരോരുത്തര്‍ക്കമുണ്ട്. സമൂഹ നന്മക്കും രാജ്യ പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന അവകാശപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ആത്മപരിശോധനക്ക് തയാറാവുകയാണ് ആദ്യം വേണ്ടത്. ക്രിയാത്മകമായി ചിന്തിക്കാന്‍ ഓരോ സംഘടനകളും സ്വയം പരിശീലിക്കേണ്ടതുണ്ടെന്ന് തോന്നുന്നു.
ഒരാളെ കൊല്ലുന്നതിലല്ല ജീവിപ്പിക്കുന്നതിലാണ് മഹത്വമെന്ന് തിരിച്ചറിയാന്‍ ഇനിയും വൈകിക്കൂടാ. കുടുംബങ്ങളെ അനാഥരാക്കാതെ അവര്‍ക്ക് അത്താണിയാകാനും തണലൊരുക്കാനും കഴിയണം. മത, ജാതി, രാഷ്ട്രീയ, ഭേദമന്യേ മുഴുവന്‍ മനുഷ്യരെയും സഹോദരന്മാരായി കാണുന്ന ഒരു സംസ്‌കാരമാണ് വളര്‍ന്നുവരേണ്ടത്. അന്യന്റെ വേദനയെ സ്വന്തത്തോട് ചേര്‍ക്കാനും അവന്റെ പ്രശ്‌നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും കരുത്തുള്ള ഒരു മനസ്സ് പാകപ്പെടുത്തുമ്പോഴാണ് രാഷ്ട്രീയ പ്രവര്‍ത്തനം ലക്ഷ്യപ്രാപ്തിയിലെത്തുക. സംഘടനകളുടെ തലപ്പത്തിരിക്കുന്നവര്‍ അടിത്തട്ടിലേക്ക് ഒഴുക്കിവിടേണ്ടത് ജീവന്‍ തുടിക്കുന്ന നന്മകളാണ്. പ്രകോപനങ്ങളിലൂടെ അനുയായികളെ ഇളക്കിവിടുന്നതിന് പകരം സാന്ത്വനത്തിന്റെ വക്താക്കളാകാന്‍ അവരെ ശീലിപ്പിക്കണം. നശിപ്പിക്കാന്‍ എളുപ്പമാണ്. നിര്‍മാണം ഏറെ ശ്രമകരവും. തച്ചുടച്ചും തച്ചുകൊന്നും ആരും ഒന്നും നേടിയിട്ടില്ലെന്ന ചരിത്രപാഠത്തെ ഓര്‍മയോട് സധാ പിടിച്ചുനിര്‍ത്തണം.
കൊലവിളികള്‍ അവസാനിപ്പിച്ച് സര്‍ഗാത്മക പദ്ധതികളാണ് രാഷ്ട്രീയ സംഘടനകള്‍ക്ക് ആവശ്യം. തീ കളിയിലൂടെ ആട്ടും തുപ്പും വാങ്ങുന്നതിന് പകരം നന്മകളിലൂടെ കയ്യടികള്‍ നേടണം. ഇന്നലെകളെ മറന്ന് ശോഭനമായ നാളെയിലേക്ക് ഉറ്റുനോക്കാന്‍ സാധിക്കണം. അതിന് പ്രവര്‍ത്തനം ആത്മാര്‍ത്ഥവും നിഷ്‌കളങ്കവുമാകണം. ഹിറ്റ്‌ലിസ്റ്റിലേക്ക് പുതിയ ആളുകളെ ചേര്‍ത്ത് സമാധാന യോഗത്തില്‍ വാചാലമായതുകൊണ്ടായില്ല. പ്രതികാര ചിന്തകള്‍ മാറ്റിവെച്ച് ഉപകാരപ്രദമായ ആലോചനകളിലേക്ക് മനസ്സിനെ തുറന്നുവെക്കണം. തെറ്റുകള്‍ക്ക് പഴിചാരിയതുകൊണ്ടായില്ല. വിട്ടുവീഴ്ചക്ക് സ്വയം വഴങ്ങുന്നിടത്താണ് വിജയം. ഹൃദയങ്ങള്‍ക്കേറ്റ മുറിവുണക്കാന്‍ സ്‌നേഹത്തിന്റെ മരുന്നു പുരട്ടണം. സ്ഥാപിത മൂല്യങ്ങളിലേക്ക് രാഷ്ട്രീയ സംഘടനകളെ വഴിനടത്താന്‍ നേതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അണികളെ ആയുധങ്ങള്‍ നല്‍കി അലയാന്‍ വിടുന്നതായിരിക്കരുത് ഒരു നേതൃത്വത്തിന്റെ ജോലി. പക്വവും തലയെടുപ്പുമുള്ള വിവേകികളായ നേതാക്കളാണ് രാഷ്ട്രത്തിന് ആവശ്യം. അങ്ങനെ പ്രബുദ്ധമായ ഒരു രാഷ്ട്രീയ സമൂഹത്തിനുവേണ്ടി നമുക്ക് കാതോര്‍ക്കാ#േം. സുബൈറും ശ്രീനിവാസനും അതിന് നിമിത്തമാകട്ടെ.