X
    Categories: indiaNews

ബിഹാറില്‍ നിതീഷിനെ ഒഴിവാക്കി ബിജെപിയുടെ പത്രപ്പരസ്യം; അസ്വാരസ്യം പുകയുന്നു

പട്‌ന: വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുന്ന വേളയിലും ബിജെപി-ജെഡിയു ശീതസമരത്തിന് അറുതിയില്ല. ബിജെപിയുടെ തെരഞ്ഞെടുപ്പ് പോസ്റ്ററില്‍ നിന്ന് മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഒഴിവാക്കിയതായാണ് ഏറ്റവും പുതിയ വിവാദം.

ബിജെപി ഹെ തോ ഭറോസാ ഹെ (ബിജെപിയെങ്കില്‍ വിശ്വാസം) എന്ന മുദ്രാവാക്യത്തോടെ കഴിഞ്ഞ ദിവസം പത്രങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ട സമ്പൂര്‍ണ പേജ് പരസ്യത്തില്‍ നിന്നാണ് നിതീഷിനെ വെട്ടിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രമാണ് പ്രാദേശിക ഭാഷാ പത്രങ്ങള്‍ പ്രസിദ്ധീകരിച്ച പരസ്യത്തിലുള്ളത്.

19 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും, എല്ലാ ബിഹാറികള്‍ക്കും കോവിഡ് വൈറസ് സൗജന്യമായി നല്‍കും തുടങ്ങിയ വാഗ്ദാനങ്ങളും പരസ്യത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.

ജെഡിയുവിന്റെ പോസ്റ്ററുകളില്‍ നിതീഷിനൊപ്പം മോദി കൂടി ഇടംപിടിച്ച വേളയിലാണ്, ബിജെപി മുഖ്യമന്ത്രിയെ വേണ്ടെന്നു വയ്ക്കുന്നത്. ചിരാഗ് പാസ്വാന്റെ എല്‍ജെപിയുമായി ബിജെപി രഹസ്യധാരണയുണ്ടാക്കുന്നു എന്ന ആരോപണങ്ങള്‍ക്കിടെയാണ് പുതിയ രാഷ്ട്രീയ സംഭവവികാസങ്ങള്‍.

ഞായറാഴ്ച റോഹ്താസ് ജില്ലയില്‍ നടന്ന ചിരാഗ് പാസ്വാന്റെ റാലിയില്‍ ബിജെപിയുടെ പതാകകളും പ്രത്യക്ഷപ്പെട്ടത് ശ്രദ്ധിക്കപ്പെട്ടു. ബിജെപി മുന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ രാജേന്ദ്ര സിങിനെയാണ് ജില്ലയിലെ ദിനാറ മണ്ഡലത്തില്‍ എല്‍ജെപി സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്തിയിട്ടുള്ളത്.

ജെഡിയു മത്സരിക്കുന്ന 135 സീറ്റിലും എല്‍ജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. ബിജെപി മത്സരിക്കുന്ന സീറ്റുകളില്‍ ചിരാഗിന്റെ പാര്‍ട്ടി മത്സരിക്കുന്നുമില്ല.

Test User: