X

പിന്നില്‍ വവ്വാലുകളാണോ എന്ന് ഇന്നറിയാം; കോട്ടയത്ത് നിപയല്ലെന്ന് സ്ഥിരീകരണം

കോട്ടയം: പേരാമ്പ്രയില്‍ നിന്നും കോട്ടയത്തെത്തിയ രണ്ടു പേര്‍ക്ക് പിടിപെട്ട പനി നിപായല്ലെന്ന് സ്ഥിരീകരണം. നിപ്പ ബാധയുണ്ടെന്ന സംശയത്താല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് പരിശോധനയ്ക്കയച്ച രണ്ട് പേരുടേയും റിപ്പോര്‍ട്ടിലാണ് ഇപ്പോള്‍ നിപ്പയില്ലെന്ന് സ്ഥിരീകരണമുണ്ടായത്.

കോട്ടയം കടുത്തുരുത്തിയില്‍ വിവാഹ നിശ്ചയത്തിനെത്തിയ പേരാമ്പ്ര സ്വദേശിയായ 57 കാരനെയായിരുന്നു നിപാ വൈറസ് സംശയിച്ച് ആദ്യം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. കോട്ടയത്തേക്കുള്ള യാത്രയില്‍ ആരോഗ്യ സ്ഥിതി മോശമായതോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുകയായിരുന്നു. ഇവരെ കൂടാതെ കോഴിക്കോട് സ്വകാര്യ ആസ്പത്രിയിലെ നഴ്സായ കോട്ടയം സ്വദേശിനിയും ചികിത്സ തേടിയിരുന്നു. ഐസലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയ ഇരുവരെയും വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധിച്ച ശേഷമാണ് രക്ത, സ്രവ സാംപിളുകള്‍ പരിശോധനക്കയച്ചത്. ഇവരുടെ റിപ്പോര്‍ട്ടാണ് ഇന്ന് പുറത്ത് വന്നിരിക്കുന്നത്.

അതേസമയം പേരാമ്പ്രയില്‍ കണ്ടെത്തിയ നിപാ വൈറസിെന്റ വാഹകര്‍ വവ്വാലുകളാണോയെന്ന കാര്യം ഇന്നറിയാം.
കഴിഞ്ഞ ദിവസം കേന്ദ്ര മൃഗ സംരക്ഷണ കമീഷണര്‍ ഡോ. സുരേഷ് എസ് ഹോനപ്പഗോലിന്റെ നേതൃത്വത്തിലുള്ള സംഘം ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളുടെ ഫലമാണ് വെള്ളിയാഴ്ച പുറത്തുവരുന്നത്. ഭോപാല്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസിലാണ് പരിശോധന നടക്കുന്നത്. പന്തിരിക്കര സൂപ്പിക്കടയിലെ ഉപയോഗശൂന്യമായ കിണറില്‍നിന്ന് പിടികൂടിയ വവ്വാലുകളെയാണ് പരിശോധിക്കുന്നത്. ഹിമാചല്‍ പ്രദേശില്‍ ചത്തനിലയില്‍ കണ്ടെത്തിയ വവ്വാലുകളെയും പരിശോധനക്ക് എത്തിച്ചിട്ടുണ്ട്.

chandrika: