X

പുതിയ നിയമനങ്ങളില്ല, തസ്തികമാറ്റവും; വി.എച്ച്.എസ്.സി ഒഴിവുകളില്‍ ‘നോ അഡ്മിഷന്‍’

കെ.എസ് മുസ്തഫ
കല്‍പ്പറ്റ

2014 മുതലുള്ള ഒഴിവുകളില്‍ പോലും നിയമനം നടത്താതെ സംസ്ഥാനത്തെ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ നിയമനനിരോധനം. വിദ്യാഭ്യാസ വകുപ്പിന്റെ നിഷേധാത്മക നിലപാടില്‍ പെരുവഴിയിലാവുന്നത് ആയിരത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍. പുതുക്കിയ ദേശീയ തൊഴില്‍ നൈപുണ്യ പാഠ്യപദ്ധതിക്കനുസൃതമായ തസ്തികകള്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ നിശ്ചയിക്കുന്നത് വരെ വി.എച്ച്.എസ്.സിയിലെ നിയമനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്.

2014ല്‍ പി.എസ്.സി വിജ്ഞാപനം ചെയ്ത് അപേക്ഷ ക്ഷണിച്ച വൊക്കേഷണല്‍ ഇന്‍സ്‌പെക്ടര്‍ ഇന്‍ അഗ്രികള്‍ചറല്‍ തസ്തികയിലേക്ക് 2015ല്‍ പരീക്ഷ നടത്തുകയും 2016ല്‍ ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. 2017 നവംബര്‍ 3ന് അഭിമുഖവും നടത്തി. എന്നാല്‍ നാല്‍പത് ഒഴിവുകളുള്ള ഈ തസ്തികയില്‍ ഇതുവരെയും നിയമനം നടത്താന്‍ സര്‍ക്കാര്‍ തയ്യാറായാട്ടില്ല.

വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍, ലാബ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികകളിലും സമാന സ്ഥിതിയാണ്. ഈ തസ്തികളിലേക്കുള്ള നിയമനങ്ങളും തസ്തിക മാറ്റം വഴിയുള്ള നിയമനങ്ങളും സര്‍ക്കാര്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്നാണ് വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന മറുപടി. നിയമന നിരോധനം പിന്‍വലിക്കുന്ന മുറക്ക് മാത്രമേ വകുപ്പിന് നിയമന നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുകയുള്ളുവെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

എട്ടുവര്‍ഷമായി തസ്തികകള്‍ നിര്‍ണയിക്കാനോ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാനോ കഴിയാത്തതിനാല്‍ സംസ്ഥാനത്തെ 387 സ്‌കൂളുകളില്‍ നിന്നായി ഇതിനകം ഒഴിവുകള്‍ വന്ന തസ്തികളിലൊന്നും പകരക്കാരെ നിയമിക്കാനായിട്ടില്ല. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതുടര്‍ന്ന് സ്‌കൂള്‍ ഏകീകരണം നടപ്പാവിലാവുന്നതോടെ വി.എച്ച്.എസ്.സിയുടെ നിലനില്‍പ്പ് തന്നെ ഭീഷണിയുടെ നിഴലിലാണ്.

Test User: