തിരുവനന്തപുരം: സംസ്ഥാനത്തെ പഴയ ചരക്കുവാഹനങ്ങളില്‍ ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം (ജിപിഎസ്) ഘടിപ്പിക്കുന്നത് സംസ്ഥാനസര്‍ക്കാര്‍ ഒഴിവാക്കി. ചരക്കുവാഹന ഉടമകള്‍ സര്‍ക്കാരിനു നല്‍കിയ നിവേദനത്തെത്തുടര്‍ന്നാണ് നടപടി. ലൈറ്റ്, മീഡിയം, ഹെവി വാഹനങ്ങള്‍ക്കെല്ലാം ഈ ഇളവ് ലഭിക്കും.
അതേസമയം, യാത്രാവാഹനങ്ങള്‍ക്ക് ഈ ഇളവ് ബാധകമാകില്ല. പഴയ യാത്രാവാഹനങ്ങള്‍ ഫിറ്റ്‌നസ് പരിശോധനയ്ക്ക് ഹാജരാക്കുമ്പോള്‍ ജിപിഎസ് ഘടിപ്പിക്കണം. പുതിയ ചരക്കുവാഹനങ്ങള്‍ക്കും ജിപിഎസ് നിര്‍ബന്ധമാണ്. വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ നിര്‍മാതാക്കള്‍തന്നെ ഇവ ഘടിപ്പിച്ചാണ് കൊടുക്കുന്നത്.
കേന്ദ്ര മോട്ടോര്‍വാഹനച്ചട്ടത്തിലെ ഭേദഗതിയെത്തുടര്‍ന്ന് നിലവിലുള്ള പൊതു യാത്രാ, ചരക്കുവാഹനങ്ങളിലെല്ലാം ജിപിഎസ് ഘടിപ്പിക്കാന്‍ സര്‍ക്കാര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. പഴയ വാഹനങ്ങള്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് എത്തുമ്പോള്‍ ജി.പി.എസ്. ഘടിപ്പിക്കണമെന്നായിരുന്നു വ്യവസ്ഥ. ഈ വ്യവസ്ഥയിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ഇളവ് അനുവദിച്ചിരിക്കുന്നത്.