X

ഗാന്ധിജിയെ കൊന്നത് ഗോഡ്‌സെ തന്നെ പുരനന്വേഷേണം ആവശ്യമില്ല; അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ഗാന്ധി വധവുമായി ബന്ധപ്പെട്ട സംഘ്പരിവാറിന്റെ നാലാം ബുള്ളറ്റ് സിദ്ധാന്തം തള്ളിക്കളഞ്ഞ് സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ഗാന്ധിജിയെ വധിച്ചത് ഗോഡ്‌സെ തന്നെയാണെന്നും ഇക്കാര്യത്തില്‍ ഇനിയൊരു അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കി. ഈ മാസം 12ന് റിപ്പോര്‍ട്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് പരിഗണിക്കും.

ആര്‍.എസ്.എസ് ആചാര്യനായ വി.ഡി സവര്‍ക്കറിന്റെ ആശയങ്ങളില്‍നിന്ന് പ്രചോദനം ഉള്‍കൊണ്ട് രൂപീകരിച്ച സംഘടനയായ അഭിവന് ഭാരതിന്റെ സഹസ്ഥാപകന്‍ പങ്കജ് പഡ്‌നിസ് ആണ് ഗാന്ധി വധത്തില്‍ വീണ്ടും അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഗാന്ധിജിയുടെ മൃതദേഹത്തില്‍നിന്ന് നാല് ബുള്ളറ്റുകള്‍ കണ്ടെത്തിയിരുന്നെന്നും ഇതില്‍ മൂന്നെണ്ണം നിലവില്‍ കുറ്റവാളിയെന്ന് കണ്ടെത്തിയ ആളുടെ തോക്കില്‍നിന്നുള്ളതും നാലാമത്തേത് മറ്റൊരു തോക്കില്‍ നിന്നുള്ളതും ആണെന്നുമായിരുന്നു വാദം. ഗോഡ്‌സെ അല്ലാതെ മറ്റാരുടേയോ കരങ്ങള്‍ കൂടി ഗാന്ധി വധത്തിനു പിന്നിലുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നുമായിരുന്നു പരാതിക്കാരന്റെ ആവശ്യം.

ഗാന്ധിജിയുടെ മൃതദേഹ പരിശോധന നടത്തിയ ഡോ. നിനെയെ ഉദ്ദരിച്ചായിരുന്നു ഇത്തരമൊരു ആരോപണം. എന്നാല്‍ ആരോപണം ശരിവെക്കുന്ന തരത്തിലുള്ള ഒരു തെളിവുകളും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ പറയുന്നു. ഗാന്ധിവധം അന്വേഷിച്ച കപൂര്‍ കമ്മീഷന്‍ മുമ്പാകെ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ ഡോ. നിനെക്ക് 1965ല്‍ അവസരം നല്‍കിയിരുന്നു. ഈ വേളയിലും അദ്ദേഹം ഇത്തരമൊരു സംശയം ഉന്നയിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ആരോപണം നിലനില്‍ക്കില്ലെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കി.

1948 ജനുവരി 30നാണ് മാഹാത്മാഗാന്ധി രക്തസാക്ഷിയായത്. സംഭവം നടന്നിട്ട് 70 വര്‍ഷം പിന്നിട്ടിരിക്കുന്നു. കൊലപാതകത്തിനു പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയും ഗോഡ്‌സെ ഉള്‍പ്പെടെ രണ്ടു പ്രതികളെ തൂക്കിലേറ്റുകയും ചെയ്തിരുന്നു. ആര്‍.എസ്.എസിന് ഇതേതുടര്‍ന്ന് നിരോധനവും ഏര്‍പ്പെടുത്തിയിരുന്നു. 2016ല്‍ മാത്രമാണ് അന്വേഷണം ആവശ്യപ്പെട്ട് അഭിനവ് ഭാരത് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി ഹൈക്കോടതിയെ തള്ളിയതോടെ സുപ്രീംകോടതിയെ സമീപിക്കുകയും സുപ്രീംകോടതി ഇക്കാര്യം പരിശോധിക്കുന്നതിന് മുതിര്‍ന്ന അഭിഭാഷകന്‍ അമരേന്ദ്ര ശരണിനെ അമിക്കസ് ക്യൂറി ആയി നിയോഗിക്കുകയുമായിരുന്നു.

chandrika: