ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലം ജനങ്ങളിലേക്കെത്താന്‍ ഇനി ഏതാനും മണിക്കൂറുകള്‍. ഇടുക്കി ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിലാണ് കാന്റിലിവര്‍ മാതൃകയില്‍ നിര്‍മിച്ച ചില്ലുപാലവും സാഹസിക വിനോദ പാര്‍ക്കും ഇന്ന് പൊതുമരാമത്ത്, വിനോദസഞ്ചാര മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
ഓണത്തിന് തുറക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ വൈകി. സമുദ്രനിരപ്പില്‍നിന്ന് 3600 അടി ഉയരത്തിലുള്ള വാഗമണ്ണില്‍ 120 അടി നീളത്തില്‍ ജര്‍മനിയില്‍നിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസില്‍ നിര്‍മിച്ച പാലത്തിനു മൂന്ന് കോടിയാണ് നിര്‍മാണച്ചെലവ്. 35 ടണ്‍ സ്റ്റീലാണ് പാലം നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഒരേസമയം 15 പേര്‍ക്ക് കയറാന്‍ സാധിക്കും.
സ്വകാര്യ സംരംഭകരുമായി ചേര്‍ന്ന് ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി ഇടുക്കി ഡി.ടി.പി.സിയും പെരുമ്പാവൂരിലെ ഭാരത് മാത വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കിക്കി സ്റ്റാര്‍സും ചേര്‍ന്നാണ് ഗ്ലാസ് ബ്രിഡ്ജ് ഉണ്ടാക്കിയിരിക്കുന്നത്.