ലണ്ടന്‍: ആദ്യം കൃസ്റ്റിയാനോ റൊണാള്‍ഡോ, പിറകെ ലിയോ മെസി, ഇപ്പോഴിതാ നെയ്മറും യൂറോപ്പ് വിട്ടതോടെ ഫുട്ബോള്‍ വന്‍കര സൂപ്പര്‍ താര ദാരിദ്ര്യത്തില്‍. സി.ആര്‍ എത്തിയിരിക്കുന്നത് സഊദി പ്രോ ലീഗിലാണ്. ഇപ്പോള്‍ യൂറോപ്പിനേക്കാളും വലിയ ഫുട്ബോള്‍ വിപണി സഊദിയാണ്. യൂറോപ്പ് ഭയപ്പെട്ടത് തന്നെയാണ് സംഭവിക്കുന്നത്. യൂറോപ്പിലെ പ്രബല ക്ലബുകള്‍ ദാരിദ്ര്യത്തില്‍ തല താഴ്ത്തി നില്‍ക്കുമ്പോള്‍ സഊദി ക്ലബുകള്‍ താരങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നത് കോടികളാണ്. ഏറ്റവുമൊടുവിലാണ് ഇപ്പോള്‍ നെയ്മറുടെ വരവ്.
റൊണാള്‍ഡോയുടെ വിലാസത്തില്‍ അല്‍ നസര്‍ അറബ് ലീഗ് കിരീടമെല്ലാം നേടി പ്രൗഡിയില്‍ നില്‍ക്കുമ്പോഴാണ് അവരുടെ ബദ്ധവൈരികളായ അല്‍ ഹിലാലിലേക്ക് നെയ്മര്‍ വരുന്നത്. യൂറോപ്പിലെ മുന്‍നിര താരങ്ങളെല്ലാം നിലവില്‍ സഊദിയിലുണ്ട്. ആ പട്ടികയിലേക്കാണ് മെഗാ താരമായി നെയ്മറും വന്നിരിക്കുന്നത്. ലിയോ മെസി അമേരിക്കയിലേക്കും പോയതോടെ യൂറോപ്പ് ഒറ്റപ്പെട്ട് നില്‍ക്കുന്നു. ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പേ, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബിന്റെ മുന്‍നിരക്കാരന്‍ ഏര്‍ലിന്‍ ഹലാന്‍ഡ്, ടോട്ടനത്തില്‍ നിന്നും ബയേണ്‍ മ്യുണിച്ചിലേക്ക് കഴിഞ്ഞ ദിവസം ചേക്കേറിയ ഹാരി കെയിന്‍, ബാര്‍സിലോണക്കായി കളിക്കുന്ന പോളിഷ് മുന്‍നിരക്കാരന്‍ റോബര്‍ട്ടോ ലെവന്‍ഡോവിസ്‌കി തുടങ്ങിയവര്‍ മാത്രമാണ് നിലവില്‍ യൂറോപ്പിന്റെ താര വിലാസമുള്ളവര്‍.
സൂപ്പര്‍ താരങ്ങളെല്ലാം മാറിയതോടെ ലോക സോക്കര്‍ വിപണിയില്‍ യൂറോപ്പിന്റെ ഒന്നാം സ്ഥാനവും ഇല്ലാതാവുകയാണ്. മെസി വന്നതോടെ അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗ് ലോകം മുഴുവന്‍ ആസ്വദിക്കുന്നു. മെസി കളിക്കുന്ന ഇന്റര്‍ മിയാമിയുടെ ഒരു മല്‍സരത്തിന് പോലും ടിക്കറ്റ് ലഭിക്കാനില്ല. ടെലവിഷന്‍ പ്രേക്ഷകരുടെ എണ്ണവും പതിന്മടങ്ങ് ഉയര്‍ന്നിരിക്കുന്നു. സഊദി പ്രോ ലീഗ് ഇത് വരെ സഊദിക്കാര്‍ മാത്രം കാണുന്ന പോരാട്ടങ്ങളായെങ്കില്‍ സ്പോര്‍ട്സ് ചാനലുകള്‍ ഇപ്പോള്‍ പ്രോ ലീഗ് സംപ്രേക്ഷണാവകാശത്തിനായി പിടിവലിയാണ്. യൂറോപ്യന്‍ ലീഗുകളില്‍ പ്രീമിയര്‍ ലീഗിന് മാത്രമാണ് ഇപ്പോള്‍ ശരാശരി പ്രേക്ഷകരുള്ളത്. മെസി മടങ്ങിയതോടെ സ്പാനിഷ് ലാലീഗ കാഴ്ച്ചക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. നെയ്മറും മെസിയും എംബാപ്പേയും കളിച്ചപ്പോള്‍ ഫ്രഞ്ച് ലഗിന് ആളുകളുണ്ടായിരുന്നു. എന്നാല്‍ മെസിയും നെയ്മറും മടങ്ങിയതോടെ ഫ്രഞ്ച് ലീഗിനും ആളുകള്‍ കുറയും.