X

പഴയതു പേലെ ഇനി സിം കാര്‍ഡ് കിട്ടില്ല; ഡിസംബര്‍ 1 മുതല്‍ നിയമങ്ങള്‍ കടുപ്പിക്കുന്നു

ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ രാജ്യത്ത് വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ അതിന് തടയിടാന്‍ പുതിയ നിയമങ്ങള്‍ നടപ്പാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഡിസംബര്‍ 1 മുതലാണ് ഇവ നിലവില്‍ വരിക. ഒരാള്‍ പുതിയ സിം കാര്‍ഡിന് അപേക്ഷിക്കുകയോ നിലവിലുള്ള നമ്പറില്‍ തന്നെ പുതിയ സിം എടുക്കുകയോ മറ്റും ചെയ്യുന്ന സാഹചര്യങ്ങളിലാണ് കൂടുതല്‍ രേഖകള്‍ ഉപഭോക്താവും സേവന ദാതാവും നല്‍കുകയും സൂക്ഷിക്കേണ്ടിയും വരിക. ഇതുമായി ബന്ധപ്പെട്ട ആദ്യ നിര്‍ദേശം കഴിഞ്ഞ ആഗസ്റ്റിലാണ് കേന്ദ്ര ടെലികോം മന്ത്രാലയം പുറത്തിറക്കിയത്.

മതിയായ രേഖകളില്ലാതെ അനധികൃതമായി കൈവശപ്പെടുത്തിയ 52 ലക്ഷത്തോളം സിം കാര്‍ഡ് കണക്ഷനുകള്‍ വിച്ഛേദിച്ചതായി കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രി ആശ്വിനി വൈഷ്ണവ് പറഞ്ഞു.നടപ്പാക്കുന്ന പുതിയ ചട്ടങ്ങള്‍ അനുസരിച്ച് എല്ലാ ഡീലര്‍മാരും കൃത്യമായ വേരിഫിക്കേഷന്‍ നടപടിയ്ക്ക് വിധേയമാകണം. ഇതില്‍ അപാകതകള്‍ കണ്ടെത്തുന്ന പക്ഷം അവര്‍ പത്ത് ലക്ഷം രൂപ പിഴയടക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു.

അതാത് ടെലികോം ഒപ്പറേറ്റര്‍മാരാണ് ഡീലര്‍മാരുടെ വേരിഫിക്കേഷന്‍ പൂര്‍ത്തീകരിക്കേണ്ടത്. ഈ നടപടി പൂര്‍ത്തിയാക്കാന്‍ 12 മാസമാണ് സമയ പരിധി അനുവദിച്ചിട്ടുള്ളത്. വ്യക്തമായ രേഖകള്‍ ഇല്ലാത്ത ഡീലിര്‍മാരെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും അവരുടെ ലൈസന്‍സ് റദ്ദു ചെയ്യുമെന്നും ടെലികോം മന്ത്രാലയം പറഞ്ഞു.

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായി ഒരാള്‍ക്ക് നിരവധി സിം കണക്ഷനുകള്‍ നല്‍കുന്ന രീതിയിലും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ ഒരു വ്യക്തിക്ക് ഒന്‍പത് സിം കാര്‍ഡ് കണക്ഷനുകള്‍ വരെ എടുക്കാം.

കെ.വൈ.സി ചട്ട പ്രകാരം ഒരാള്‍ പുതിയ ഒരു സിം എടുക്കുകയോ അല്ലെങ്കില്‍ നിലനില്‍ക്കുന്ന നമ്പറിന്മേല്‍ പുതിയ കണക്ഷന് അപേക്ഷിക്കുകയോ ചെയ്യുന്ന അവസരത്തില്‍ വയസ്സ്, ലിംഗം തുടങ്ങിയവ തെളിയിക്കുന്ന ഡെമോഗ്രാഫിക് വിവരങ്ങളും നല്‍കണം.ആധാര്‍ കാര്‍ഡില്‍ ലഭ്യമായിരിക്കുന്ന ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്തായിരിക്കും ഈ വിവരങ്ങള്‍ ശേഖരിക്കുക. അതുപോലെ തന്നെ ഒരു സിം നമ്പറിലുള്ള കണക്ഷന്‍ ഒരാള്‍ വിച്ഛേദിച്ച് 90 ദിവസത്തിന് ശേഷം മാത്രമേ മറ്റൊരാള്‍ക്ക് ആ നമ്പര്‍ നല്‍കാന്‍ പാടുള്ളൂ എന്നും കേന്ദ്ര സര്‍ക്കാര്‍ അനുശാസിക്കുന്നു.

ഒരേ നമ്പറില്‍ മറ്റൊരു സിം എടുക്കുന്ന സാഹചര്യത്തില്‍ 24 മണിക്കൂറിനുള്ളില്‍ ഉപഭോക്താവ് എസ്.എം.എസ് സംവിധാനം വഴി കെവൈസി പൂര്‍ത്തിയാക്കിയിരിക്കണം.

എ.ഐ സോഫ്റ്റ്വെയറായ എ.എസ്.ടി.ആര്‍ (ASTR) ഉപയോഗിച്ച് അനധികൃതമായി കൈവശപ്പെടുത്തിയ സിം കണക്ഷനുകള്‍ കണ്ടെത്തുന്ന രീതിക്ക് ഈ വര്‍ഷമാദ്യം തുടക്കമായിരുന്നു. ഇതിന്റെ ഭാഗമായി നഷ്ടപ്പെട്ട മൊബൈലുകളെക്കുറിച്ചുള്ള പരാതികള്‍ സമര്‍പ്പിക്കാന്‍ സഞ്ചാര്‍ സാഥി പോര്‍ട്ടലും കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിരുന്നു.

 

webdesk13: