പതിറ്റാണ്ടുകളുടെ ഇടവേളക്കുശേഷം പഞ്ചാബ് വീണ്ടും അസ്വസ്ഥമാകുന്നതിന്റെ സൂചനകളാണ് കണ്ടുവരുന്നത്. കണ്ണീരും ചോരയും ഏറെ ഒഴുകിയ നാടാണത്. വിഭജനകാലത്ത് വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കിയ മുറിവിനുശേഷം ഖലിസ്ഥാന്‍ വാദവുമായതോടെ ചോരപ്പുഴ ഒഴുകിയ നാളുകള്‍ക്കായിരുന്നു സംസ്ഥാനം സാക്ഷ്യംവഹിച്ചത്. തീവ്രവാദത്തെ ഒരുവിധം അടിച്ചമര്‍ത്തി സമ്പല്‍സമൃദ്ധിയിലേക്ക് നീങ്ങിയപ്പോഴാണ് മയക്കുമരുന്നിന്റെ രൂപത്തില്‍ മറ്റൊരു വിപത്ത് എത്തിയത്. പഞ്ചാബിന്റെ തെരുവോരങ്ങളില്‍ വീണ്ടും വിഘടനവാദികളുടെ ശബ്ദമുയരുന്ന കാഴ്ചയാണിപ്പോള്‍. ഖലിസ്ഥാന്‍ അനുകൂല സംഘടനയായ ‘വാരിസ് ദേ പഞ്ചാബി’ന്റെ നിലവിലെ തലവനെന്ന് അവകാശപ്പെട്ട് അമൃത്പാല്‍ സിങിന്റെ രംഗപ്രവേശം, അജ്‌നാല പൊലീസ് സ്റ്റേഷന്‍ ആക്രമണം, സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ ഈയിടെയുണ്ടായ സ്‌ഫോടനങ്ങള്‍ തുടങ്ങിയ സംഭവങ്ങള്‍ ഇതിലേക്കുള്ള വ്യക്തമായ സൂചനകളാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 23ന് അമൃത്‌സറിനടുത്ത് അജ്‌നാല പൊലീസ്‌സ്റ്റേഷന്‍ ആക്രമിച്ചപ്പോഴാണ് പഞ്ചാബിലെ ഖലിസ്ഥാന്‍ വാദത്തിന്റെ ശക്തി ലോകത്തിന് മനസ്സിലായത്. കൃപാണും കത്തിയും തോക്കുകളുമടക്കം കൈയില്‍ കിട്ടിയ മാരകായുധങ്ങളുമായി ഒരുകൂട്ടം പൊലീസ് സ്റ്റേഷന്‍ ലക്ഷ്യംവെച്ച് ഇരച്ചെത്തുകയായിരുന്നു. അമൃത്പാല്‍ സിങിന്റെ അടുത്ത അനുയായി ലവ്പ്രീത് എന്ന തൂഫാന്‍ സിങിനെ അറസ്റ്റ് ചെയ്തതിനുപിന്നാലെയായിരുന്നു പൊലീസ് സ്റ്റേഷന്‍ ആക്രമണം. ജനം ഇളകിയതോടെ എണ്ണത്തില്‍ കുറവായ പൊലീസുകാര്‍ ആത്മരക്ഷാര്‍ഥം ഓടി രക്ഷപ്പെട്ടു. തൂഫാനെ മോചിപ്പിക്കാമെന്ന് കമ്മീഷണര്‍ ഉറപ്പുനല്‍കിയതോടെയാണ് അക്രമികള്‍ പിന്‍വാങ്ങിയത്. തന്നെ പിടികൂടാന്‍ പൊലീസ് തുനിയുന്നുണ്ടെന്ന വിവരം ചോര്‍ന്നുകിട്ടിയ അമൃത്പാലും സംഘവും മിന്നല്‍ വേഗത്തില്‍ രക്ഷപ്പെടുകയായിരുന്നു. വാഹനവ്യൂഹത്തെ പൊലീസ് പിന്തുടര്‍ന്നെങ്കിലും പൊലീസിനെ വെട്ടിച്ച് ഇയാള്‍കടന്നു.
1970-80കളെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള സംഭവ വികാസങ്ങളാണ് അജ്‌നാല പൊലീസ്‌സ്റ്റേഷനില്‍ അരങ്ങേറിയത്. പഞ്ചാബിനെ ശരിക്കും വിറപ്പിക്കുകയാണ് അമൃത്പാല്‍ സിങ്. ഖലിസ്ഥാന്‍ പ്രസ്ഥാനത്തെ പരസ്യമായി പിന്താങ്ങി പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു അടുത്തിടെ അമൃത്പാല്‍. വിഘടനവാദി നേതാവ് ഭിന്ദ്രന്‍വാലയെ അനുകരിച്ച് വേഷം ധരിക്കുന്ന അമൃത്പാലിനെ ‘ഭിന്ദ്രന്‍വാല രണ്ടാമന്‍’ എന്നാണ് അനുയായികള്‍ വിശേഷിപ്പിക്കുന്നത്. സിഖ് പുരോഹിതനും മതപ്രഭാഷകനുമായിരുന്ന ജര്‍നലി സിങ് ഭിന്ദ്രന്‍വാലയാണ് സ്വതന്ത്ര പരമാധികാര പഞ്ചാബെന്ന ആവശ്യവുമായി ഖലിസ്ഥാന്‍ വാദത്തിന് വിത്തുവിതച്ചത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തില്‍ അമൃത്പാലുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍നിന്ന് നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും പൊലീസിന് കണ്ടെത്താനായിട്ടുണ്ട്. ഒപ്പം പ്രത്യേക യൂനിഫോമുകളും ജാക്കറ്റുകളും കണ്ടെത്തുകയുണ്ടായി. ഇയാള്‍ രൂപവത്കരിക്കുന്ന പ്രത്യേക സൈന്യത്തിനായി കരുതിവെച്ചിരുന്നതാണ് യൂണിഫോം എന്നാണ് സൂചന. ഒരു തീവ്ര സിഖ് മതപ്രഭാഷകന്റെ കാറില്‍നിന്ന് പിടിച്ചെടുത്ത ആയുധങ്ങളിലും വെടിക്കോപ്പുകളിലും ‘എ.കെ.എഫ്’ എന്ന് അടയാളപ്പെടുത്തിയിരുന്നു എന്നതും സുരക്ഷാഏജന്‍സികളെ ഞെട്ടിച്ചിട്ടുണ്ട്. ഭിന്ദ്രന്‍ വാലയെപ്പോലെ അതിരൂക്ഷമാണ് അമൃത്പാലിന്റെ വാക്കുകളും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെയും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനെയുമൊക്കെ ഭീഷണിപ്പെടുത്തിക്കൊണ്ടാണ് ഇയാള്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. ഖലിസ്ഥാന്‍ പ്രസ്ഥാനത്തെ തടയാന്‍ ശ്രമിച്ചാല്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ അതേ ഗതി നേരിടേണ്ടിവരുമെന്നാണ് അമിത്ഷായെ അമൃത്പാല്‍ അടുത്തിടെ ഭീഷണിപ്പെടുത്തിയത്. അമിത്ഷായെ ഭീഷണിപ്പെടുത്തിയതോടെയാണ് ഗുരുതരാവസ്ഥ കേന്ദ്രത്തിന് ബോധ്യപ്പെട്ടത്. അതോടെയാണ് എന്‍.ഐ.എ അടക്കം അന്വേഷണ ഏജന്‍സികള്‍ ഇയാളിലേക്ക് എത്തുന്നത്. കഴിഞ്ഞദിവസം ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍ ഖലിസ്ഥാന്‍ വാദികള്‍ അക്രമം നടത്തുകയും ദേശീയപതാകയെ അപമാനിക്കുകയും ചെയ്ത സംഭവവുമുണ്ടായി. ഖലിസ്ഥാന്‍ പതാകയും അമൃത്പാല്‍ സിങിന്റെ ചിത്രമുള്ള പോസ്റ്ററുകളുമായാണ് അക്രമികള്‍ ഹൈക്കമ്മിഷന്‍ ഓഫീസിനുമുന്നിലെത്തിയത്. ഒരാള്‍ ഓഫീസിനുമുകളിലേക്ക് വലിഞ്ഞുകയറി കൊടിമരത്തില്‍ സ്ഥാപിച്ചിരുന്ന ഇന്ത്യന്‍ ദേശീയപതാകയുടെ കെട്ടഴിച്ചു. ബാക്കിയുള്ളവര്‍ താഴെനിന്ന് അതില്‍ തൂങ്ങി വലിച്ചിടുകയും ചെയ്തു. കഴിഞ്ഞ ജനുവരിയില്‍ ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ ഒരു സംഘം ഖലിസ്ഥാന്‍വാദികള്‍ ഇന്ത്യക്കാരെ തിരഞ്ഞുപിടിച്ച് ആക്രമിച്ചിരുന്നു.
ഖലിസ്ഥാന്‍ വാദം വീണ്ടും തലപൊക്കിയതില്‍ കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ഭരണകക്ഷികള്‍ക്ക് പങ്കുണ്ടെന്നത് വസ്തുതയാണ്. കേന്ദ്രത്തിന്റെ ഹിന്ദുത്വ അജണ്ടകളിലും സാമൂഹിക മാധ്യമങ്ങളില്‍ സിഖുകാര്‍ക്കെതിരെ നടക്കുന്ന പ്രചാരണത്തിലും സിഖ് സമൂഹം കടുത്ത അസംതൃപ്തരാണ്. സിഖുകാര്‍ക്കെതിരെ വംശഹത്യാ ആഹ്വാനങ്ങള്‍ വരെ വന്നിരുന്നു സാമൂഹിക മാധ്യമങ്ങളില്‍. ഇതെല്ലാം ഉയര്‍ത്തിയ വൈകാരികാന്തരീക്ഷത്തെ അമൃത്പാല്‍സിങ് അനുകൂലമാക്കിയെടുക്കുകയായിരുന്നു. 2022ലെ തിരഞ്ഞെടുപ്പിന് മുമ്പ് ആം ആദ്മി പാര്‍ട്ടിയുടെ പ്രധാന വാഗ്ദാനം സിഖ് മതത്തെ അവഹേളിച്ചവരെ പിടികൂടി ശിക്ഷിക്കും എന്നായിരുന്നു. സിഖ് മതവുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടി സ്വീകരിച്ച നിലപാടുകള്‍ അവരെ അധികാരത്തിലെത്താന്‍ സഹായിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ സംഭവികാസങ്ങളില്‍നിന്ന് ഭരണകക്ഷികള്‍ക്ക് കൈകഴുകാനാവില്ല.
പഞ്ചാബിനു വേണ്ടത് സമാധാനമാണ്. അവിടെ വിഘടനവാദം ഇല്ലാതാക്കേണ്ടതുണ്ട്. പൊലീസിന്റെയോ പട്ടാളത്തിന്റെയോ നടപടികള്‍കൊണ്ടുമാത്രം അവസാനിപ്പിക്കാവുന്ന ഒന്നല്ല അത്. പ്രതികാര നടപടികള്‍ ഒന്നിനും പരിഹാരമല്ല. വഴിതെറ്റിപ്പോയ യുവാക്കളെ തിരിച്ചുകൊണ്ടുവരേണ്ടതുണ്ട്. വിഘടനവാദത്തിന്റെ നിരര്‍ഥകതയെക്കുറിച്ച് അവരെ ബോധവത്കരിക്കണം. ഇനിയും ചോരപ്പുഴ ഒഴുകാന്‍ പഞ്ചാബിനെന്നല്ല, രാജ്യത്തെ ഒരു സംസ്ഥാനത്തിനും ശേഷിയില്ല.