കണ്ണൂര്‍: മൂന്നു ദിവസത്തെ അവധിക്ക് ശേഷം ബാങ്കുകള്‍ തുറന്നപ്പോള്‍ പണമില്ലാത്തതിന്റെ പേരില്‍ സംഘര്‍ഷം. കണ്ണൂര്‍ കേളകം ഫെഡറല്‍ ബാങ്ക് ശാഖയിലാണ് സംഭവം. ഇടപാടുകാരും ജീവനക്കാരും തമ്മിലാണ് വാക്കേറ്റമുണ്ടായത്. ഇടപാടുകാര്‍ ജീവനക്കാരെ തടഞ്ഞുവെച്ചു. രാവിലെത്തന്നെ പണമില്ലെന്ന ബോര്‍ഡ് വെച്ചതാണ് ഇടപാടുകാരെ ചൊടിപ്പിച്ചത്. ടോക്കണ്‍ നല്‍കിയെങ്കിലും പണം ഇപ്പോള്‍ ലഭിക്കുമെന്ന് ചോദ്യത്തിന് ഉത്തരമുണ്ടായിരുന്നില്ല.
തുടര്‍ന്നാണ് വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായത്. എന്നാല്‍ ടോക്കണ്‍ കൊടുത്തവര്‍ക്ക് വൈകുന്നേരത്തോടെ പണം നല്‍കാമെന്ന് തീരുമാനമായതിനെ തുടര്‍ന്നാണ് സംഘര്‍ഷത്തില്‍ അയവുണ്ടായത്. സംസ്ഥാനത്ത് ബാങ്കുകളിലെല്ലാം നീണ്ട ക്യൂവാണ് ഇന്ന് രാവിലെ മുതല്‍ പ്രകടമായത്.
എടിഎമ്മുകളും കാലിയായിരുന്നു. ടോക്കണ്‍ നല്‍കിയവര്‍ക്കൊക്കെ പണം ലഭിക്കുമോ എന്ന് ഉറപ്പില്ല. പരിധിയില്‍ കുറച്ച് പണമാണ് പല ബാങ്കുകളും ഇടപാടുകാര്‍ക്ക് അനുവദിക്കുന്നത്.