കോഴിക്കോട്: 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെയുള്ള ആദ്യ ശമ്പള വിതരണം പാളുന്നു. സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യപ്രകാരം റിസര്‍വ് ബാങ്ക് പണമെത്തിക്കാമെന്ന് വാഗ്ദാനം കൊടുത്തിരുന്നെങ്കിലും പല ബാങ്കുകളിലും ട്രഷറികളിലും പണമെത്തിയിട്ടില്ല.
രാവിലെ തുടരുന്ന കാത്തിരിപ്പ് ഇപ്പോഴും തുടരുകയാണ്. ഉച്ചയോടെ പണമെത്തുമെന്ന് പറയുന്നുണ്ടെങ്കിലും പലപ്പോഴും ജീവനക്കാരും ഉപയോക്താക്കളും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുന്നതും പ്രകടമാണ്. കണ്ണൂര്‍, കാസര്‍കോട്, ജില്ലകളിലെ ട്രഷറികളിലാണ് പണമെത്താത്തത്. ചാത്തന്നൂര്‍, പരവൂര്‍, കരുനാഗപ്പള്ളി എന്നീ ട്രഷറികളിലും പണമെത്തിയിട്ടില്ല. 24,000 രൂപ വരെ പിന്‍വലിക്കാമെന്ന ഉറപ്പുണ്ടെങ്കിലും പല ബാങ്കുകളും തുകയില്ലെന്ന കാരണം പറഞ്ഞ് മടക്കുകയാണ്. 5000 വരെയാണ് ചില ബാങ്കുകള്‍ നല്‍കുന്നത്.
അതേസമയം പല എ.ടിഎമ്മുകളിലും ആവശ്യത്തിന് പണമില്ല. ചിലത് അടഞ്ഞുകിടക്കുന്നു. ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാനുള്ളതിനാല്‍ എടിഎമ്മുകളിലൂടെ ചില്ലറ നല്‍കുന്നില്ല. രണ്ടായിരത്തിന്റെ നോട്ട് മാത്രമാണ് നല്‍കുന്നത്. പലരും രണ്ടായിരത്തിന്റെ നോട്ട് ചില്ലറ പ്രശ്‌നം ചൂണ്ടിക്കാട്ടി ഒഴിവാക്കുകയാണ്