ലോക്സഭാ തിരഞ്ഞെടുപ്പില്‍ മോദി തരംഗമില്ലെന്ന് ബിജെപിയുടെ അമരാവതി സ്ഥാനാര്‍ത്ഥി നവ്‌നീത് റാണ. പാര്‍ട്ടി പ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് റാണയുടെ വാക്കുകള്‍. യോഗത്തില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ലായിരുന്നെങ്കിലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
ഒരു ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ് പോലെത്തന്നെ നമുക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോരാടണം. മുഴുവന്‍ വോട്ടര്‍മാരെയും ബൂത്തിലെത്തിക്കണം. മോദി തരംഗമുണ്ടെന്ന മിഥ്യാധാരണയില്‍ ഇരിക്കരുത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മോദി തരംഗമുണ്ടായിട്ടും ഞാന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ചിട്ടുണ്ട് – റാണ പറഞ്ഞു.
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമരാവതിയില്‍ നിന്ന് എന്‍സിപിയുടെ പിന്തുണയോടെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച റാണ വിജയിച്ചിരുന്നു. ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥിയായാണ് റാണ മത്സരിക്കുന്നത്. അതേസമയം എതിര്‍പക്ഷം റാണയുടെ വാക്കുകള്‍ ഏറ്റെടുത്ത് ബിജെപിയെ തിരിച്ചടിക്കുകയാണ്. മോദി തംരഗമില്ലെന്ന നവ്‌നീത് റാണയുടെ വാക്കുകള്‍ സത്യമാണെന്നാണ് എന്‍സിപി ശരത്പവാര്‍ പക്ഷവും ശിവസേന ഉദ്ധവ് താക്കറെ പക്ഷവും പറയുന്നത്.
റാണ പറഞ്ഞത് എന്താണോ അത് സത്യമാണ്. മോദി തരംഗമില്ല എന്ന് ബിജെപിക്ക് തന്നെ അറിയാം. പ്രതിപക്ഷ നേതാക്കളെ ഓരോരുത്തരെയായി പൂട്ടാന്‍ ബിജെപി ശ്രമിക്കുന്നത് ഇതുകൊണ്ടാണെന്നും എന്‍സിപി ആരോപിച്ചു. ബിജെപി പാളയത്തില്‍ ഭയം തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് ഗ്രാമപഞ്ചായത്തിലേതെന്ന പോലെ പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെടുന്നത്. മോദിക്ക് സ്വന്തം സിറ്റിങ് സീറ്റില്‍ മത്സരിച്ച് ജയിക്കാന്‍ കഴിയുമോ എന്നത് തന്നെ ചോദ്യചിഹ്നമാണെന്നായിരുന്നു ശിവസേന ഉദ്ധവ് താക്കറെ പക്ഷം വക്താവ് സഞ്ജയ് റാവത്തിന്റെ പരിഹാസം.