Categories: indiaNews

എത്ര കോടി ഭക്തര്‍ കുളിച്ചാലും ഗംഗ മലിനമാവില്ല, മറ്റൊരു നദിക്കുമില്ലാത്ത ശുദ്ധീകരണ ശക്തി ഗംഗക്കുണ്ട്; വിചിത്ര വാദവുമായി പ്രമുഖ ശാസ്ത്രജ്ഞന്‍

മഹാകുംഭമേളയില്‍ 60 കോടിയിലധികം വരുന്ന ഭക്തര്‍ സ്‌നാനം നടത്തിയിട്ടും ഗംഗ പവിത്രമായി തുടരുന്നുവെന്ന് പ്രമുഖ ശാസ്ത്രജ്ഞന്‍ ഡോ.അജയ് സോങ്കര്‍. മറ്റൊരു നദിക്കുമില്ലാത്ത സ്വയം ശുദ്ധീകരണ ശക്തിയുള്ള നദിയാണ് ഗംഗയെന്നും എത്രകോടി ഭക്തര്‍ കുളിച്ചാലും മലിനമാവില്ലെന്നും അജയ് സോങ്കര്‍ ദേശീയ മാധ്യമത്തോട് പറഞ്ഞു.

ഗംഗ ജലത്തില്‍1,100 തരം ബാക്ടീരിയോഫേജുകള്‍ അടങ്ങിയിട്ടുണ്ട്. അവ സുരക്ഷാ ഗാര്‍ഡുകളെ പോലെ പ്രവര്‍ത്തിക്കുന്നു. ദോഷകരമായ ബാക്ടീരിയകളെ കൃത്യമായി തിരിച്ചറിയുകയും ഇല്ലാതാക്കുകയും ചെയ്യുന്നു.

ബാക്ടീരിയയേക്കാള്‍ 50 മടങ്ങ് ചെറുതാണെങ്കിലും ബാക്ടീരിയോഫേജുകള്‍ക്ക് അവിശ്വസനീയമായ ശക്തിയുണ്ട്. അവ ബാക്ടീരിയകളില്‍ നുഴഞ്ഞുകയറുകയും അവയുടെ ആര്‍.എന്‍.എ ഹാക്ക് ചെയ്യുകയും ഒടുവില്‍ അവയെ നശിപ്പിക്കുകയും ചെയ്യുന്നു.

സംശയമുള്ളവര്‍ക്ക് തന്റെ മുന്നില്‍ വെച്ച് ഗംഗാജലം പരിശോധിച്ച് തൃപ്തിപ്പെടാമെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും അസാധാരണമായ സ്വയം ശുദ്ധീകരണ ശക്തിയുള്ള ലോകത്തിലെ ഏക ശുദ്ധജല നദിയാണ് ഗംഗയെന്നും അജയ് സോങ്കര്‍ പറഞ്ഞുവയ്ക്കുന്നു.

കാന്‍സര്‍, ജനിതക കോഡ്, സെല്‍ ബയോളജി, ഓട്ടോഫാഗി എന്നിവയില്‍ ആഗോള ഗവേഷകനാണ് ഡോ. സോങ്കര്‍. വാഗനിംഗന്‍ സര്‍വകലാശാല, റൈസ് സര്‍വകലാശാല, ടോക്കിയോ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി, ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂള്‍ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുമായി ഇദ്ദേഹം സഹകരിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്.

webdesk13:
whatsapp
line