X

എത്ര ഉന്നത സ്ഥാനത്തുള്ള ആളുകളായാലും നടപടി വേണം; സജി ചെറിയാനെ തള്ളി വനിതാ കമ്മീഷൻ

തിരുവനന്തപുരം: സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്ത് വിഷയത്തിൽ മന്ത്രി സജി ചെറിയാനെ തള്ളി വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. വിവരം കിട്ടിയാൽ കേസെടുക്കാമെന്നും രേഖാമൂലം പരാതി വേണമെന്നില്ലെന്നും സതി ദേവി പറഞ്ഞു. നിജസ്ഥിതി തെളിഞ്ഞാൽ എത്ര ഉന്നതനായാലും പുറത്താക്കണം. രഞ്ജിത്തിനെതിരായ വെളിപ്പെടുത്തലിൽ സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെടുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ വ്യക്തമാക്കി.

ആരോപണം ഉയര്‍ന്നു വന്നിട്ടുള്ള പശ്ചാത്തലത്തില്‍, പ്രത്യേകിച്ച് അധികാരസ്ഥാനത്തിരിക്കുന്നയാള്‍ക്കെതിരായത് കൊണ്ട് തന്നെ നിജസ്ഥിതി ആരാഞ്ഞുകൊണ്ട് കമ്മീഷന്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടും. പ്രാഥമിക പരിശോധന നടത്തിക്കൊണ്ട് നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാകും എന്നാണ് കരുതുന്നത്. പരാതിക്കാരിക്ക് നിയമ പരിരക്ഷ ലഭിക്കണം – അവര്‍ പറഞ്ഞു.

ബം​ഗാളി നടി ശ്രീലേഖ മിത്രയാണ് കഴിഞ്ഞ ദിവസം രഞ്ജിത് ലൈം​ഗികമായി അതിക്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി രം​ഗത്തെത്തിയത്. പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു രഞ്ജിത്തിൽ നിന്ന് മോശം അനുഭവം ഉണ്ടായതെന്ന് മിത്ര മാധ്യമങ്ങളോട് പറഞ്ഞു. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും തൊട്ടു പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും മിത്ര പറഞ്ഞു.

webdesk14: