തൊണ്ടിമുതലായി പിടിച്ചെടുത്ത 10 കിലോ കഞ്ചാവും ഭാംഗും എലികൾ തിന്നു തീർത്തെന്ന് കോടതിയിൽ പൊലീസിന്റെ വിചിത്രവാദം. ജാർഖണ്ഡിലെ ധൻബാദ് പൊലീസാണ് ഇത്തരമൊരു റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. വെയർഹൗസിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതൽ മുഴുവനും എലികൾ തിന്നുതീർത്തെന്നാണ് പൊലീസ് പറയുന്നത്.
2018 ഡിസംബർ 14നാണ് ശംഭു അഗർവാൾ എന്ന വ്യക്തിയെയും മകനെയും ലഹരിമരുന്ന് കൈവശം സൂക്ഷിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തത്. അന്ന് പിടിച്ചെടുത്തതാണ് കഞ്ചാവും ഭാംഗും. പ്രതികളുടെ വിചാരണ നടക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം തൊണ്ടിമുതൽ ഹാജരാക്കാൻ കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടത്. എന്നാൽ, പറഞ്ഞ സമയത്ത് ഇത് ഹാജരാക്കാൻ പൊലീസിന് കഴിഞ്ഞില്ല. ഇതിൽ കോടതി വിശദീകരണം തേടുകയും ചെയ്തു.
കോടതിയ്ക്ക് സമർപ്പിച്ച വിശദീകരണ റിപ്പോർട്ടിലാണ് തൊണ്ടിമുതൽ മുഴുവനും എലി തിന്നെന്ന വിചിത്രവാദം പൊലീസ് ഉയർത്തിയത്. തിന്നുതീർത്തതാണോ നശിപ്പിച്ചതാണോ എന്നറിയില്ല എന്തായാലും എലികളാണ് കാരണക്കാർ എന്നാണ് പൊലീസിന്റെ നിലപാട്.
പൊലീസിന്റെ വാദം അംഗീകരിക്കാനാവില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്ന് ഇതിൽ നിന്ന് തന്നെ വ്യക്തമാണെന്നും പ്രതിഭാഗം ആരോപിച്ചു. സംഗതി വിവാദമായതോടെ ധൻബാദ് പൊലീസ് സൂപ്രണ്ട് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.