X

കിറ്റും പൈസയും വേണ്ട; ഭദ്രമായ ജീവിതം മതി; മരിക്കേണ്ടി വന്നാലും തീരം ഉപേക്ഷിച്ചുപോകില്ലെന്ന് കണ്ണമാലിയിലെ ജനങ്ങള്‍

കടലാക്രമണത്തെ തുടര്‍ന്ന് ജനജീവിതം അസഹ്യമായ എറണാകുളം കണ്ണമാലിയില്‍ കടുത്ത പ്രതിഷേധവുമായി ജനം. കുട്ടികള്‍ അടക്കമുള്ളവര്‍ റോഡിലിരുന്ന് പ്രതിഷേധിക്കുകയാണ്. ശക്തമായ കടല്‍ഭിത്തി വേണമെന്നും അതിനായി സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം. കണ്ണമാലി പൊലീസ് സ്‌റ്റേഷന് സമീപമാണ് റോഡ് ഉപരോധിച്ചുള്ള പ്രതിഷേധം.

മരിക്കേണ്ടി വന്നാലും തീരം വിട്ടുപോകില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കിറ്റും പൈസയും വേണ്ടെന്നും സുരക്ഷിതമായ ജീവിതമാണ് വേണ്ടതെന്നും പ്രദേശവാസികള്‍ പറഞ്ഞു. ഞങ്ങളെല്ലാം ഒരുമിച്ചാണ് ചാക്കില്‍ മണ്ണ് നിറച്ച് വാടം കെട്ടി അതിന് മുകളില്‍ ജെസിബി കൊണ്ട് മണ്ണുകോരിയിട്ടിട്ടാണ് രണ്ട് മൂന്ന് കൊല്ലമായി കടലിനെ തടുത്തുനിര്‍ത്തിയത്. ഞങ്ങളുടെ അച്ഛനമ്മമാരും ഞങ്ങളും ഇങ്ങനെയാണ് ജീവിച്ച് കൊണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ എല്ലാവര്‍ക്കും പ്രായവുമായി, അസുഖങ്ങളുമായി. ശരീരവേദന കാരണം ഇപ്പോള്‍ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ഇനി സര്‍ക്കാര്‍ തന്നെ ഒരു പരിഹാരം കാണണമെന്നും ഇല്ലെങ്കില്‍ ചെല്ലാനത്തുകാര്‍ ചെയ്തതു പോലെ ഞങ്ങളും സമരം ചെയ്യുമെന്നും പ്രദേശവാസികള്‍ പറയുന്നു.

മഴ കനക്കുന്നതിനാല്‍ 2ദിവസമായി സംസ്ഥാനത്തെ തീരപ്രദേശങ്ങളിലെ വീടുകളെല്ലാം കടലാക്രമണ ഭീതിയിലാണ്. കണ്ണമാലി, നായരമ്പലം എന്നീ തീരപ്രദേശങ്ങളില്‍ കടലാക്രമണം തുടരുകയാണ്. പല വീടുകളിലും വെള്ളം കയറി. പ്രദേശത്ത് ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.

webdesk13: