ന്യൂഡല്‍ഹി: ജങ്ക് ഫുഡുകളെ പടിക്ക് പുറത്താക്കാന്‍ രാജ്യത്തെ എല്ലാ സര്‍വ്വകലാശാലകളോടും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോടും യുണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍(യു.ജി.സി) ആവശ്യപ്പെട്ടു. ജങ്ക് ഫുഡുകള്‍ കുട്ടികളില്‍ വ്യാപകമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നു എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യു.ജി.സി ഇങ്ങിനെയൊരു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
അഡിക്ടീവ്‌സ് കലര്‍ന്നിട്ടുള്ള ഇത്തരം പാക്കറ്റ് ഭക്ഷണങ്ങളെ നിരോധിക്കുന്നതോടെ കുട്ടികളിലുണ്ടാകുന്ന ജീവിത ശൈലി രോഗങ്ങള്‍ ഒരു പരിധി വരെ നിയന്ത്രിക്കാനാവുമെന്നാണ് കരുതുന്നത്. കുട്ടികളുടെ പൊണ്ണത്തടി കുറയ്ക്കാനും നന്നായി പഠിക്കാനും അതോടൊപ്പം നന്നായി ജീവിക്കാനും ജങ്ക് ഫുഡ് നിരോധിക്കുമ്പോള്‍ വരുന്ന ആരോഗ്യ ഭക്ഷണക്രമത്തിനാകുമെന്നും നിര്‍ദ്ദേശത്തിലുണ്ട്. രാജ്യത്തെ എല്ലാ സര്‍വ്വകലാശാലകള്‍ക്കും ഇതു സംബന്ധിച്ച സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. മാനവ വിഭവശേഷി മന്ത്രാലയത്തില്‍ നിന്നുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് യുജിസി ഇങ്ങനെ ഒരു സര്‍ക്കുലര്‍ അയച്ചിട്ടുള്ളത്. നേരത്തെ സിബിഎസ്ഇ സ്‌കൂളുകളോട് കാന്റീനില്‍ നിന്ന് ജങ്ക് ഫുഡുകള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. കുട്ടികളുടെ ലഞ്ച് ബോക്‌സ് പരിശോധിക്കണമെന്നും നല്ല ആഹാരത്തെ കുറിച്ച് അവബോധം നല്‍കണമെന്നും സിബിഎസ്ഇ അന്ന് സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.