വിദേശങ്ങളില്‍നിന്ന് ഉംറ കര്‍മം നിര്‍വഹിക്കാനെത്തുന്നവര്‍ക്ക് ഇടനിലക്കാരില്ലാതെ സ്വന്തമായി അനുമതിയെടുക്കാനുള്ള സംവിധാനവുമായി ഹജ്ജ് ഉംറ മന്ത്രാലയം. മക്കയിലെയും മദീനയിലെയും വിശുദ്ധ ഹറം മസ്ജിദുകളിലും നിസ്‌കാരത്തിനുള്ള അനുമതിയും ഈ സംവിധാനം വഴി ലഭിക്കും. സഊദിയിലെ നിയമപരമായ ആവശ്യങ്ങള്‍ക്ക് സ്വദേശികളും വിദേശികളും ഉപയോഗിച്ച് വരുന്ന തവക്കല്‍ന, ഇഅതമര്‍ന ആപ്പുകള്‍ വഴി തന്നെയാണ് പുതിയ സേവനങ്ങള്‍ ലഭ്യമാക്കുന്നത്. സഊദി അതോറിറ്റി ഫോര്‍ ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി സഹകരിച്ചാണ് പുതിയ സേവനം. .
സഊദിയില്‍ അംഗീകരിച്ച കോവിഡ് വാക്‌സിന്‍ രണ്ട് ഡോസും സ്വദേശങ്ങളില്‍ നിന്ന് എടുക്കുകയും വിവരങ്ങള്‍ സഊദിയിലേക്ക് വരുന്ന സമയത്ത് ഖുദൂം പ്ലാറ്റ്‌ഫോം വഴി രജിസ്റ്റര്‍ ചെയ്യുകയും വേണം. ഈ നിബന്ധന പാലിച്ച ശേഷം സഊദിയിലെത്തിയാല്‍ തവക്കല്‍ന, ഇഅതമര്‍ന ആപ്പുകള്‍ വഴി ഉംറക്കും ഇരു ഹറമുകളിലെ നിസ്‌കാരങ്ങള്‍ക്കും സിയാറത്തിനും അനുമതി നേടാനാകും. അതിനായി മൊബൈല്‍ ആപ്പുകള്‍ അപ്‌ഡേറ്റ് ചെയ്യണം. ഗൂഗ്ള്‍ പ്ലേ, ആപ് സ്‌റ്റോര്‍, ആപ് ഗാലറി, ഗാലക്‌സി സ്‌റ്റോര്‍ എന്നിവ വഴിയാണ് ആപ്പുകള്‍ അപ്‌ഡേറ്റ് ചെയ്യേണ്ടത്. പുതിയ സേവനം നിലവില്‍വന്നതോടെ വിദേശ തീര്‍ഥാടകര്‍ക്ക് മറ്റാരുടെയും സഹായമില്ലാതെ സ്വന്തം നിലക്ക് ഉംറ, സിയാറത്ത് പെര്‍മിറ്റുകള്‍ നേടാം. തീര്‍ത്ഥാടകര്‍ക്ക് ഏറെ ഉപകാരപ്രദമാകുന്ന പുതിയ സേവനം ഈ മേഖലയില്‍ ബിസിനസ് നടത്തി വന്ന ഉംറ കമ്പനികള്‍ക്ക് കനത്ത തിരിച്ചടിയാകും. തീര്‍ത്ഥാടകര്‍ക്ക് അനുമതി ലഭ്യമാക്കി കൊടുക്കുന്ന ഫീസിനത്തില്‍ ലഭിക്കുന്ന വലിയ വരുമാനം നഷ്ടമാകുന്നതോടെ ഉംറ യാത്രക്കാര്‍ക്കുള്ള മറ്റു സര്‍വീസുകള്‍ മാത്രമാകും ഇത്തരക്കാരുടെ ആശ്രയം.