സംഭല്‍ മസ്ജിദ് സര്‍വ്വേയുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ അറസ്റ്റിലായ ഷാഹി ജുമാമസ്ജിദ് പ്രസിഡന്റിന് ഇടക്കാല ജാമ്യം നിഷേധിച്ച് കോടതി. അക്രമത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് മാര്‍ച്ച് 23 മുതല്‍ ജയിലില്‍ കഴിയുന്ന സംഭല്‍ ജുമാ മസ്ജിദ് പ്രസിഡന്റ് സഫര്‍ അലിയുടെ ഇടക്കാല ജാമ്യാപേക്ഷ വ്യാഴാഴ്ച സംഭാലിലെ ഒരു പ്രാദേശിക കോടതി തള്ളുകയായിരുന്നു.
അഡീഷണല്‍ ജില്ലാ ജഡ്ജി നിര്‍ഭയ് നാരായണ്‍ റായിയുടേതാണ് വിധി. ഷാഹി ജുമാ മസ്ജിദില്‍ സര്‍വേ നടത്തുന്നതിനിടെ 700-800 പേരടങ്ങുന്ന ഒരു ജനക്കൂട്ടം തടിച്ചുകൂടി സര്‍വേ തടസപ്പെടുത്താന്‍ ശ്രമിച്ചു എന്ന് എതിര്‍ വക്കീല്‍ വാദിച്ചു. എന്നാല്‍ എഫ്.ഐ.ആറില്‍ സഫര്‍ അലിക്ക് സംഭവത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് പറയുന്നില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആസിഫ് അക്തര്‍ പറഞ്ഞു.
2024 നവംബര്‍ 25ന് ഒരു പത്രസമ്മേളനം നടത്തി, സംഭവം ഭരണകൂടം കൈകാര്യം ചെയ്ത രീതിയെ വിമര്‍ശിച്ചു എന്നതാണ് സഫര്‍ അലിക്കെതിരെയുള്ള ഏക കുറ്റം. ഒരു പത്രസമ്മേളനത്തില്‍ പ്രസ്താവനകള്‍ നടത്തുന്നത് തെറ്റായ തെളിവുകള്‍ കെട്ടിച്ചമയ്ക്കുന്നതിന് തുല്യമല്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥര്‍ സഫര്‍ അലിയുടെ പ്രസ്താവന മാറ്റാന്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും അദ്ദേഹത്തിന്റെ വക്കീല്‍ പറഞ്ഞു.
ജനക്കൂട്ടത്തെ സംഘടിപ്പിക്കല്‍, അക്രമത്തിന് പ്രേരിപ്പിക്കല്‍, പൊതു സ്വത്തിന് കേടുപാടുകള്‍ വരുത്തല്‍, തെറ്റായ വസ്തുതകള്‍ കെട്ടിച്ചമയ്ക്കല്‍ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. വാദങ്ങളുടെ അടിസ്ഥാനത്തില്‍, കോടതി അദ്ദേഹത്തിന് ഇടക്കാല ജാമ്യം നിഷേധിക്കുകയും ഏപ്രില്‍ രണ്ടിന് പതിവ് ജാമ്യാപേക്ഷ പരിഗണിക്കാന്‍ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു.
മുഗള്‍ കാലഘട്ടത്തിലെ പള്ളിയില്‍ സര്‍വേ നടത്താനുള്ള കോടതി ഉത്തരവിനെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ മാര്‍ച്ച് 23 നായിരുന്നു അദ്ദേഹം അറസ്റ്റിലായത്. അതേ ദിവസം തന്നെ, ചന്ദൗസിയിലെ ഒരു കോടതി അലിയുടെ ജാമ്യാപേക്ഷ നിരസിക്കുകയും മൊറാദാബാദ് ജയിലിലേക്ക് രണ്ട് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡി അയയ്ക്കുകയും ചെയ്തിരുന്നു.
അതേസമയം സഫര്‍ അലിയുടെ അറസ്റ്റിനെത്തുടര്‍ന്ന്, ജില്ലാ ബാര്‍ അസോസിയേഷന്‍, സിവില്‍ കോടതി ബാര്‍ അസോസിയേഷന്‍, ടാക്‌സ് ബാര്‍ അസോസിയേഷന്‍, തഹസില്‍ ബാര്‍ അസോസിയേഷന്‍ എന്നിവയുള്‍പ്പെടെ നിരവധി നിയമ സംഘടനകള്‍ കോടതി പരിസരത്ത് ഒരു യോഗം വിളിച്ചുചേര്‍ക്കുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തിരുന്നു.
സഫര്‍ അലിയുടെ അറസ്റ്റ് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തെ ജയിലില്‍ കാണാന്‍ അനുവദിച്ചിട്ടില്ലെന്നും അഭിഭാഷകന്‍ അബ്ദുള്‍ റഹ്മാന്‍ ആരോപിച്ചു. ഇത് മനുഷ്യാവകാശ ലംഘനമാണെന്ന് അവര്‍ ആരോപിച്ചു. ന്യായമായ അന്വേഷണം നടത്തണമെന്നും അന്വേഷണ ഉദ്യോഗസ്ഥനെയും മറ്റ് പൊലീസ് ഉദ്യോഗസ്ഥരെയും ജില്ലയില്‍ നിന്ന് മാറ്റണമെന്നും അഭിഭാഷകര്‍ ആവശ്യപ്പെട്ടിരുന്നു.
മുഗള്‍ കാലഘട്ടത്തിലെ ഷാഹി ജുമാ മസ്ജിദ് ഒരു പുരാതന ഹിന്ദു ക്ഷേത്രം സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് നില്‍ക്കുന്നതെന്ന് അവകാശപ്പെട്ട് ഒരു ഹരജി വരികയും, 2024 നവംബര്‍ 24 ന്, കോടതി പള്ളിയില്‍ സര്‍വേ നടത്താന്‍ അനുമതിനല്‍കുകയും ചെയ്തതോടെയാണ് പ്രതിഷേധം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് സംഭാലില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. മസ്ജിദില്‍ നടത്തിയ സര്‍വേയ്ക്കിടെ നാട്ടുകാര്‍ പൊലീസുമായി ഏറ്റുമുട്ടി. ഇതില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 29 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.