X

പി പി ദിവ്യക്കെതിരെ പാര്‍ട്ടി നടപടി ഉടനില്ല

പി.പി. ദിവ്യക്കെതിരെ പാര്‍ട്ടി നടപടി ഉടനില്ല. ഇതേകുറിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ തീരുമാനമായില്ല. ഉപതെരഞ്ഞെടുപ്പിന് ശേഷം നടപടി ചര്‍ച്ച ചെയ്യാനാണ് പാര്ട്ടിയുടെ തീരുമാനം.

ഇന്ന് നടന്ന പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ പി പി ദിവ്യയുടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍, പാര്‍ട്ടി നടപടി ഉടന്‍ വേണ്ടെന്നാണ് നേതൃത്വമെടുത്ത നിലപാട്. സംസ്ഥാന സെക്രട്ടറിയുടെ അടക്കം നിലപാട് തേടിയ ശേഷം തീരുമാനമെടുക്കും. കടുത്ത നടപടികളെടുക്കുന്നത് പാര്‍ട്ടിക്ക് ഗുണമല്ലെന്നും വിലയിരുത്തലുകളുണ്ടായി.

പി പി ദിവ്യക്കെതിരായ പാര്‍ട്ടി നടപടി കണ്ണൂര്‍ പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കുമെന്നായിരുന്നു സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവിന്റെ പ്രതികരണം.

ഇതിനിടെ പി പി ദിവ്യയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നു. പ്രതിയുടെ ക്രിമിനല്‍ മനോഭാവം ഇതില്‍ നിന്നും തെളിഞ്ഞു. പ്രതി ഗൂഢാലോചനയോടെ നടപ്പാക്കിയ കുറ്റകൃത്യമാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

പി പി ദിവ്യയെ യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കലക്ടര്‍ മൊഴി നല്‍കിയിരുന്നു. ഉപഹാര വിതരണത്തിന് നില്‍ക്കാത്തത് ക്ഷണമില്ലാത്തതിന്റെ തെളിവാണ്. യോഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഏര്‍പ്പാടാക്കിയത് പി പി ദിവ്യയാണ്.

പമ്പുമായി സംബന്ധിച്ച് ഒരു പരാതിയും കിട്ടിയിട്ടില്ല എന്ന് കലക്ടറേറ്റില്‍ ഇന്‍സ്പെക്ഷന്‍ സീനിയര്‍ സൂപ്രണ്ട് മൊഴി നല്‍കി. നിയമ വ്യവസ്ഥയുമായി പി പി ദിവ്യ സഹകരിച്ചില്ലെന്നും ഒളിവില്‍ കഴിഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

webdesk17: