X

‘ഹിന്ദി ഭാഷ ഉപയോഗിക്കാത്ത സംസ്ഥാനങ്ങളില്‍ ഹിന്ദി സംബന്ധമായ പരിപാടികള്‍ വേണ്ട’; പ്രധാനമന്ത്രിക്ക് കത്തയച്ച് എം കെ സ്റ്റാലിന്‍

ചെന്നൈ: തമിഴ്നാട്ടിൽ ഹിന്ദി ഭാഷാ മാസാചരണത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ പ്രതിഷേധം അറിയിച്ച് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ കത്ത്. ഹിന്ദി ഇതര ഭാഷകളെ അവഹേളിക്കാനുള്ള ശ്രമമാണെന്നാണ് കത്തിൽ സ്റ്റാലിന്റെ ആരോപണം. പ്രാദേശിക ഭാഷകൾക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ ഇത്തരം ചടങ്ങ് നടത്തരുത്. നടത്തിയാൽ പ്രാദേശിക ഭാഷയെയും ആദരിക്കുന്ന നിലയിലാകണം ചടങ്ങെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.

ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തെ വേണ്ടവിധത്തില്‍ ബഹുമാനിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് സ്റ്റാലിന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്. ഇന്ത്യന്‍ ഭരണഘടന ഹിന്ദി ഉള്‍പ്പെടെ ഒരു ഭാഷയും ദേശീയ ഭാഷയായി കണക്കാക്കുന്നില്ലെന്ന് സ്റ്റാലിന്‍ പറഞ്ഞു. ഇത്തരം പരിപാടികള്‍ നടത്തണമെന്ന് നിര്‍ബന്ധമാണെങ്കില്‍ പ്രാദേശിക ഭാഷകളെ സമാന പ്രാധാന്യത്തോടെ ഉയര്‍ത്തിക്കാട്ടുന്ന പരിപാടികളും ആസൂത്രണം ചെയ്യേണ്ടതാണെന്നും സ്റ്റാലിന്‍ കത്തില്‍ സൂചിപ്പിച്ചു. തന്റെ എക്‌സ് പോസ്റ്റില്‍ സ്റ്റാലിന്‍ ഈ കത്ത് പങ്കുവച്ചിട്ടുമുണ്ട്.

ചെന്നൈ ദൂരദർശന്റെ സുവർണ ജൂബിലിയോട് അനുബന്ധിച്ചുള്ള ചടങ്ങിനെതിരെയാണ് പ്രതിഷേധം. ദൂരദർശൻ കേന്ദ്രത്തിനു മുന്നിൽ പ്രതിഷേധവുമായി ഡിഎംകെ വിദ്യാർഥി സംഘടന രംഗത്തെത്തി. ഗവർണർക്കെതിരെ മുദ്രാവാക്യം വിളികളും ഉണ്ടായി. ഗവർണർ ഗോ ബാക്ക് എന്ന് വിളിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിനിടെ, ചെന്നൈ ദൂരദർശനിലെ പരിപാടിയിൽ ഗവർണർ സംസാരിച്ചു.

webdesk14: