X

വരനില്ല, നേരത്തെ വിവാഹിതര്‍, വധൂവരന്മാരായി സഹോദരങ്ങള്‍; യു.പി മുഖ്യമന്ത്രി യോഗിയുടെ സമൂഹവിവാഹ പദ്ധതിയില്‍ വന്‍ തട്ടിപ്പ്- വീഡിയോ

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സമൂഹ വിവാഹ പദ്ധതിയില്‍ വന്‍ തട്ടിപ്പ്. ചടങ്ങില്‍ വിവാഹിതരാകാന്‍ എത്തിയ യുവതികളില്‍ പലരും നേരത്തെ വിവാഹം കഴിച്ചവരായിരുന്നു. മറ്റുചിലര്‍ക്കാകട്ടെ, വരന്മാരും ഇല്ല. വധൂവരന്മാരെന്ന വ്യാജേന സഹോദരങ്ങളും താലിചാര്‍ത്തി. മൂഖ്യമന്ത്രിയുടെ സമൂഹവിവാഹ പദ്ധതിയില്‍ നിന്ന് ലഭിക്കുന്ന 51,000 രൂപ തട്ടിയെടുക്കാനാണ് ഈ രീതിയിലുള്ള തട്ടിപ്പ് അരങ്ങേറിയത്.

സംഭവത്തില്‍ സാമൂഹ്യക്ഷേമ വകുപ്പ് അസിസ്റ്റന്റ് ഡെവലപ്‌മെന്റ് ഓഫിസര്‍ക്കും എട്ട് ‘വധു’ക്കള്‍ക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി മണിയാര്‍ എസ്എച്ച്ഒ മന്തോഷ് സിങ് അറിയിച്ചു. ജനുവരി 25ന് മണിയാര്‍ ഇന്റര്‍ കോളജിലായിരുന്നു സംസ്ഥാനത്തിന് നാണക്കേടായി മാറിയ സമൂഹ വിവാഹം.

അസി. ഡെവലപ്‌മെന്റ് ഓഫിസര്‍ സുനില്‍ കുമാര്‍ യാദവ്, ചടങ്ങില്‍ വ്യാജവിവാഹം കഴിച്ച അര്‍ച്ചന, രഞ്ജന യാദവ്, സുമന്‍ ചൗഹാന്‍, പ്രിയങ്ക, സോനം, പൂജ, സഞ്ജു, രമിത എന്നീ എട്ട് ഗുണഭോക്താക്കള്‍ എന്നിവര്‍ക്കെതിരെയാണ് ജില്ലാ സാമൂഹ്യക്ഷേമ ഓഫിസര്‍ ദീപക് ശ്രീവാസ്തവയുടെ പരാതിയില്‍ ഇന്നലെ രാത്രി കേസെടുത്തത്. നേരത്തെ വിവാഹിതരായ വധൂവരന്മാര്‍ വീണ്ടും പദ്ധതിപ്രകാരം വിവാഹിതരായത് ശ്രദ്ധയില്‍പ്പെട്ടതായി ശ്രീവാസ്തവ പരാതിയില്‍ പറയുന്നു. ഇവര്‍ക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തി.

സംഭവം വിവാദമായതോടെ ജനുവരി 29ന് ചീഫ് ഡെവലപ്‌മെന്റ് ഓഫിസറുടെ നേതൃത്വത്തില്‍ അന്വേഷണ സമിതി രൂപീകരിച്ചിരുന്നു. പ്രതികളില്‍ ഒരാളായ മണികപൂര്‍ സ്വദേശി അര്‍ച്ചന 2023 ജൂണില്‍ വിവാഹിതയായതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. രഞ്ജന യാദവും സുമന്‍ ചൗഹാനും 2023 മാര്‍ച്ചിലും രമിത 2023 ജൂലൈയിലും വിവാഹം കഴിച്ചവരാണ്.

2023 നവംബറിലായിരുന്നു പ്രിയങ്കയുടെ വിവാഹം. പൂജ ഒരു വര്‍ഷം മുമ്പും സഞ്ജു 3 വര്‍ഷം മുമ്പും വിവാഹിതരായെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. സോനം എന്ന പ്രതിയുടെ വിവാഹം ഇതുവരെ തീരുമാനിച്ചിട്ടുപോലുമില്ല. ഇവര്‍ ആരും സമൂഹ വിവാഹ പദ്ധതി പ്രകാരം ധനസഹായത്തിന് അര്‍ഹരല്ലെന്നും അന്വേഷണ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.

നിര്‍ധന കുടുംബാംഗങ്ങളുടെ വിവാഹത്തിനാണ് മുഖ്യമന്ത്രിയുടെ സമൂഹവിവാഹ പദ്ധതി രൂപവത്കരിച്ചത്. എന്നാല്‍, അര്‍ഹതയില്ലാത്ത അപേക്ഷകര്‍ ആനുകൂല്യം ലഭിക്കുന്നതിന് കൂട്ടത്തോടെ വ്യാജവിവാഹം കഴിക്കുകയായിരുന്നു. അപേക്ഷകള്‍ പരിശോധിക്കുന്നതില്‍ സാമൂഹ്യക്ഷേമ വകുപ്പ് അസിസ്റ്റന്റ് ഡെവലപ്‌മെന്റ് ഓഫിസര്‍ അലംഭാവം കാട്ടിയതാണ് തട്ടിപ്പിന് ഇടയാക്കിയതെന്ന് പൊലീസ് പറയുന്നു.

അതേസമയം, ചടങ്ങില്‍ വിവാഹിതരായവര്‍ക്ക് ഇതുവരെ ധനസഹായം വിതരണം ചെയ്തിട്ടില്ലെന്ന് ജില്ലാ മജിസ്‌ട്രേറ്റ് രവീന്ദ്രകുമാര്‍ പറഞ്ഞു. നിലവില്‍ പ്രതികളായ ഒമ്പത് പേര്‍ക്ക് പുറമേ മറ്റാരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ പദ്ധതി പ്രകാരം 51,000 രൂപയാണ് വധൂവരന്മാര്‍ക്ക് നല്‍കുകയെന്ന് സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പറയുന്നു. അതില്‍ 35,000 രൂപ പെണ്‍കുട്ടിക്കാണ്. 10,000 രൂപ വിവാഹ സാമഗ്രികള്‍ വാങ്ങുന്നതിനും 6,000 രൂപ ചടങ്ങ് നടത്തുന്നതിനും നല്‍കും.

webdesk13: